ന്യൂഡല്‍ഹി:
തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സി.പി.എം. പ്രകടന പത്രിക പുറത്തിറക്കി. സി.പി.എമ്മിന്‍റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുക, സി.പി.എമ്മിന്‍റേയും ഇടതുപക്ഷത്തിന്‍റേയും ശക്തി വര്‍ദ്ധിപ്പിക്കുക, രാജ്യത്ത് മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നിവയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ സീതാറാം യെച്ചൂരിയും മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉത്പാദന ചിലവിന്‍റെ 50% അധിക വില ഉറപ്പാക്കും എന്നിങ്ങനെ പതിനഞ്ച് വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്.
രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കും. വാര്‍ദ്ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കുമെന്നും സി.പി.എം. പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് എന്ന ആമുഖത്തോടെയാണ് സി.പി.എമ്മിന്റെ പ്രകടന പത്രിക തുടങ്ങുന്നത്. സി.പി.എം. കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ടു വെച്ച തൊഴിലാളി പ്രക്ഷോഭങ്ങള്‍, കര്‍ഷക സമരങ്ങള്‍ തുടങ്ങിവയില്‍ ഉന്നയിച്ച വിഷയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയത്.