Sat. May 4th, 2024
പത്തനംതിട്ട:

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ.കെ.പി.പ്രകാശ് ബാബു റിമാന്‍ഡില്‍. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ഇദ്ദേഹത്തെപിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളില്‍ പ്രതിയാണ് പ്രകാശ് ബാബു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.

ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിയ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേയ്ക്കാണ് ഇദ്ദേഹത്തെ റിമാന്‍ഡ്‌ ചെയ്തിരിക്കുന്നത്. നേരത്തെ ഈ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് അദ്ദേഹം പത്തനംതിട്ട കോടതിയില്‍ കീഴടങ്ങിയത്. ജാമ്യം ലഭിക്കും വരെ സ്ഥാനാര്‍ത്ഥി ഇല്ലാതെയാകും കോഴിക്കോട് മണ്ഡലത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.

കേസില്‍ മുൻകൂർ ജാമ്യം ലഭിക്കാനായി പ്രകാശ്ബാബു ജില്ലാ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി. ഇതോടെയാണ് കോടതിയില്‍ കീഴടങ്ങാന്‍ പ്രകാശ്ബാബു തീരുമാനിച്ചത്. അതേസമയം, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നും അതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും കെ.പി. പ്രകാശ്ബാബു പ്രതികരിച്ചു. കോടതിയില്‍ കീഴടങ്ങിയശേഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *