കാസര്‍ഗോഡ്:
എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി. സതീഷ് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം അവസാനിച്ചതിനു ശേഷമാണ് സംഭവം ഉണ്ടായത്. കുഡ്ലുവിലെ അജേഷ് കുമാര്‍ (29), മന്നിപ്പാടിയില്‍ കെ.സുധീഷ് (20) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ 10 ഓളം പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ശരത്ത്, അജിത്ത് എന്നിവര്‍ ഉള്‍പെടെ എട്ടോളം പേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു. രാംദാസ് നഗര്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറിയാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കൂഡ്‌ലുവില്‍ സംഘടിപ്പിച്ച പൊതുയോഗം അവസാനിച്ചതിന് പിന്നാലെയാണ് ആക്രമമുണ്ടായത്.
ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സ. ജെ.സജിത്തിന്റെ പ്രസംഗം അവസാനിച്ചയുടന്‍ ‘ഞങ്ങളുടെ നാട്ടിലെത്തി മോദിക്കും ബി.ജെ.പിക്കുമെതിരെ പ്രസംഗിക്കുമോ’ എന്നാക്രോശിച്ച് ഇരുപതോളം പേരടങ്ങിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് സെക്രട്ടറിയെ അക്രമിച്ചത്.