തിരുവനന്തപുരം:
വരള്‍ച്ച പ്രഖ്യാപിക്കാനുള്ള സാങ്കേതിക നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തില്‍ കാലാവസ്ഥ വ്യത്യയാനം സംഭവിക്കാത്തതിനാല്‍ സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല. അസാധാരണമായ കൊടും ചൂടും കടുത്ത ജലക്ഷാമവുമാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി അനുഭവപ്പെട്ടത്. വളര്‍ച്ച പ്രഖ്യാപിച്ചില്ലെങ്കിലും, സൂര്യാഘാതവും പൊള്ളലുമേറ്റവര്‍ക്ക് സമാശ്വാസം എത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.
ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം തേടും. ചൂടു കൂടുന്നതും, കുടിവെള്ളം കുറയുന്നതും വരള്‍ച്ച പ്രഖ്യാപിക്കുന്നതിന് കാരണമാവില്ല. പ്രഖ്യാപിക്കണമെങ്കില്‍ മുന്‍വര്‍ഷം ഡിസംബര്‍വരെ മഴയില്‍ കാര്യമായ കുറവുണ്ടാവണം. എന്നാല്‍, കേരളത്തില്‍ മഹാപ്രളയത്തിന് പിന്നാലെയാണീ ചൂടു കൂടുതല്‍. ഭൂഗര്‍ഭജലത്തിന്റെ തോതിലും ഗുരുതരമായ കുറവ് കാണുന്നില്ല. കേരളത്തിന്റെ ഹരിത മേലാപ്പിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇവയൊക്കെയാണ് വരള്‍ച്ച പ്രഖ്യാപിക്കാന്‍ കണക്കിലെടുക്കുന്ന പ്രധാന സൂചകങ്ങള്‍.
തുടര്‍ച്ചയായി അനുഭവപ്പെടുന്ന കൊടുംചൂടും സൂര്യാഘാതവും കണക്കിലെടുത്ത് സംസ്ഥാനത്താകെ അതിജാഗ്രത പ്രഖ്യാപിക്കും. വകുപ്പുകള്‍ മുന്‍ഗണന നല്‍കേണ്ട നടപടികളെക്കുറിച്ചും തീരുമാനിക്കും. വരള്‍ച്ച പ്രഖ്യാപിച്ചില്ലെങ്കിലും, സംസ്ഥാനദുരന്തമെന്ന നിലയ്ക്ക് ആശ്വാസനടപടികളും പ്രഖ്യാപിക്കും. സൂര്യാഘാതമേറ്റ് മരിച്ചവര്‍ക്ക് നാലുലക്ഷം രൂപ സഹായം നല്‍കും. ഒരാഴ്ചയോളം ചികിത്സിക്കേണ്ടിവന്നാല്‍ 12,700 രൂപയും അതില്‍ക്കുറഞ്ഞ ദിവസങ്ങള്‍ ചികിത്സിക്കേണ്ടിവന്നാല്‍ 4300 രൂപയും നല്‍കും.
സംസ്ഥാനത്ത് ഈവര്‍ഷം മൂന്നുപേര്‍ സൂര്യാഘാതമേറ്റ് മരിക്കുകയും, ഇരുനൂറിലേറെപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം സഹായം നല്‍കാനുള്ള നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ കുടിവെള്ളക്ഷാമം നേരിടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പണം തികഞ്ഞില്ലെങ്കില്‍ ജില്ലാകളക്ടര്‍മാര്‍ നല്‍കും. ഇതിനായി ജില്ലാകളക്ടര്‍മാര്‍ക്ക് 50 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.