Fri. Nov 22nd, 2024

നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ “മേക്ക് ഇൻ ഇന്ത്യ” 2014 സെപ്റ്റംബർ 25 നാണു പ്രഖ്യാപിച്ചത്. പ്രാദേശികമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് ഇന്ത്യയില്‍ത്തന്നെ ഉത്‌പന്നങ്ങൾ നിര്‍മിക്കുന്നതിനുള്ള അവസരങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുക, മികച്ച നിലവാരമുള്ള ഉത്‌പന്നങ്ങൾ നിര്‍മിക്കുക, ഉത്‌പന്നങ്ങൾക്കു അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുക, മികച്ച നിക്ഷേപകരെ കണ്ടെത്തുക എന്നൊക്കെയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഉത്‌പാദന രംഗത്തു ചൈന നേടിയ സ്വയം പര്യാപ്തത മാതൃകയാക്കിയായിരുന്നു മോദി സർക്കാരിന്റെ ഈ പ്രഖ്യാപനം.എന്നാൽ അഞ്ചു വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഈ പദ്ധതി എങ്ങും എത്തിയില്ലെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട “മേക്ക് ഇൻ ഇന്ത്യ” പദ്ധതിയുടെ തുടക്കം മുതലേ കല്ലുകടിയായിരുന്നു. പദ്ധതിയുടെ ലോഗോ പോലും വിദേശകമ്പനിയാണ് ചെയ്തതെന്ന ആരോപണം വന്നു. സിംഹത്തിന്റെ രൂപമുള്ള പദ്ധതിയുടെ ലോഗോ ഡിസൈൻ ചെയ്തത് വിദേശ കമ്പനിയായ Weiden+Kennedy എന്ന അഡ്വെർടൈസിങ് കമ്പനിയാണ് എന്ന് വിവരാവകാശ രേഖയിൽ പറയുന്നു.

ഓട്ടോമൊബൈൽസ്, സ്പെയർ പാർട്ട്സ്, ഔഷധം, ജൈവസാങ്കേതികവിദ്യ, കെമിക്കൽസ്, ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം, ഇന്ധനവ്യവസായം, പ്രതിരോധസാമഗ്രികളുടെ നിർമാണം തുടങ്ങിയ മേഖലകളിൽ “മേക്ക് ഇൻ ഇന്ത്യ” പദ്ധതിക്ക് പ്രതീക്ഷിച്ച നിക്ഷേപം ആകർഷിക്കാനാകാതെ വന്നതാണ് പദ്ധതിയുടെ പാളിച്ചക്കു പ്രഥമമായ കാരണം. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതികൾക്കു പകരം ‘പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്’ പദ്ധതികളെ ആയിരുന്നു മോദി സർക്കാർ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നത്. ഇത് മൂലം കോർപ്പറേറ്റുകൾക്ക് പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാനും, കൂടുതൽ അഴിമതി നടത്താനും അവസരം ലഭിച്ചു എന്നല്ലാതെ ഉത്‌പാദന മേഖലയിൽ വലിയ ചലനം ഒന്നും ഉണ്ടാക്കിയില്ല.

2014 ഇൽ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ആദ്യത്തെ രണ്ടു വർഷം ഇന്ത്യയിലേക്ക് വന്ന വിദേശ നിക്ഷേപത്തിൽ നിന്നും 29.1 ശതമാനം തുക മാത്രമായിരുന്നു ഉത്‌പാദന മേഖലയിൽ എത്തിയത്. അതിനു മുന്നേയുള്ള രണ്ടു വർഷം ഇത് 48 ശതമാനം ആയിരുന്നു. അതായതു 19 ശതമാനത്തിന്റെ കുറവ്. 2015-16 സാമ്പത്തികവർഷത്തിൽ 3.8 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. അതേ സമയം 2014-15 ഇൽ 3.06 ലക്ഷം കോടിയും 2013-14 ഇൽ 2.44 ലക്ഷം കോടിയും എത്തിയിരുന്നു. കേന്ദ്ര സ്വയം ഭരണ സ്ഥാപനമായ ഐ.സി.എസ്.എസ്.ആറിന്റെ കീഴിലുള്ള ഗവേഷണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റിന്റെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ അവസാനിച്ച ഈ സാമ്പത്തിക വര്‍ഷത്തിലെ പുതിയ പദ്ധതികള്‍ക്കുവേണ്ടിയുള്ള നിക്ഷേപം 6.62 ട്രില്യണ്‍ രൂപയായി കുറഞ്ഞിട്ടുണ്ടെന്നാണ് ദ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്‌ണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 18.7 ട്രില്യണ്‍ രൂപയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷം ഇന്ത്യയിലേക്ക് വന്ന വിദേശനിക്ഷേപങ്ങളുടെ കാര്യത്തിൽ മോഡി സർക്കാർ യു. പി. എ സർക്കാരിനെക്കാളും, പഴയ വാജ്‌പേയി സർക്കാരിനെക്കാളും പിന്നിലാണെന്ന് റിസർവ് ബാങ്ക് രേഖകളിൽ പറയുന്നു.


“മേക്ക് ഇൻ ഇന്ത്യ” തുടങ്ങിയശേഷം 34 കോടി രൂപയിലേറെ വിദേശനിക്ഷേപം ലഭിച്ച 1188 കമ്പനികൾ ഉണ്ടെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇതിൽ 1144 കമ്പനികളിലെ വിദേശനിക്ഷേപത്തിനുള്ള വാഗ്ദാനം “മേക്ക് ഇൻ ഇന്ത്യ”ക്കു മുമ്പുതന്നെ ലഭിച്ചതായിരുന്നു. “മേക്ക് ഇൻ ഇന്ത്യ” പദ്ധതി പ്രഖ്യാപിച്ചശേഷം വിദേശനിക്ഷേപത്തിൽ 46 ശതമാനം വർധനയുണ്ടായതായി കേന്ദ്ര സർക്കാർ പറഞ്ഞത് അതോടെ പൊളിയുകയായിരുന്നു.


“മേക്ക് ഇൻ ഇന്ത്യ”യിൽ ഉൾപ്പെടുത്തി 3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രതിരോധമേഖലയിൽ സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. കരസേനയ്ക്കാവശ്യമായ വാഹനങ്ങൾ, ചെറുതും വലുതുമായ ഹെലികോപ്ടറുകൾ, പുതിയ തലമുറ മുങ്ങിക്കപ്പലുകൾ, അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ തുടങ്ങിയവയും ഇവയിൽ ഉൾപ്പെടുന്നു. എന്നാൽ പദ്ധതികളെല്ലാം വ്യത്യസ്ത ഘട്ടങ്ങളിൽ നിലച്ചിരിക്കുകയാണ്.

പ്രതിരോധ മേഖലയിൽ “മേക്ക് ഇൻ ഇന്ത്യ” നടപ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി 32,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിച്ചിരുന്നു. മൈനുകൾ നീക്കംചെയ്യുന്നതിനുള്ള 12 കപ്പലുകളുടെ നിർമാണത്തിന് ദക്ഷിണ കൊറിയയുമായി ചേർന്ന് നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതിയാണ് റദ്ദാക്കിയത്. പ്രതിരോധമേഖലയിലെ ആയുധങ്ങളും മറ്റ് സേവനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന രീതിയിലായിരിക്കുമെന്ന മോദിയുടെ പ്രഖ്യാപനവും ചീറ്റിപ്പോയിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണ്.

ഇന്ത്യൻ വ്യോമസേനക്ക് റഫാൽ പോർവിമാനങ്ങൾ നിർമിച്ചു നൽകാനും അത് പൊതുമേഖലാ സ്ഥാപനമായ ബംഗളൂരു ആസ്ഥാനമായ കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്​സ്​ ലിമിറ്റഡിൽ നിർമ്മിക്കാനും ഫ്രഞ്ച് സർക്കാരുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റിൽ പറത്തി, പകരം ഫ്രഞ്ച് കമ്പനിയായ ഡാസൾറ്റ് ഏവിയേഷനോടൊപ്പം മേക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തി മോദിയുടെ ഇഷ്​ട തോഴരിലൊരാളായ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന് പങ്കാളിയാകാൻ അവസരം നൽകുകയും ചെയ്തതും വൻ അഴിമതി ആരോപണം നേരിട്ടിരുന്നു.

അഹമ്മദാബാദിലെ സാനന്ദില്‍ സ്ഥിതി ചെയ്യുന്ന നാനോ കാർ പ്ലാന്റിന് വേണ്ടി 33,000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ കാറെന്ന പ്രശംസ നേടിയ നാനോയുടെ ഉത്പാദനം ടാറ്റ പൂർണ്ണമായും നിർത്തി.
എന്‍ഡിഎ കൊണ്ടുവന്ന “മേക്ക് ഇന്‍ ഇന്ത്യ” പദ്ധതിയെ ഏറ്റവും വലിയ തൊഴില്‍ അഴിമതിയെന്നാണ് അവരുടെ സഖ്യ കക്ഷി തന്നെയായ ശിവസേന തങ്ങളുടെ മുഖപത്രത്തിലൂടെ വിശേഷിപ്പിച്ചത്.

1995ല്‍ അതിന്റെ ഏറ്റവും ഉയരത്തില്‍ (18.6%) എത്തിയിരുന്ന നിര്‍മ്മാണ മേഖല ഇപ്പോള്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 15% ആയി കുറഞ്ഞിരിക്കുകയാണെന്നാണ് ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ പുതിയ നിക്ഷേപങ്ങള്‍ കുറയുകയും പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ കാരണമാകുകയും ചെയ്യുന്നത് വര്‍ധിച്ചിരിക്കുകയാണെന്നാണ് മറ്റു കണക്കുകള്‍ വ്യക്തമാക്കുന്നത്.

മോദിയുടെ “മേക്ക് ഇന്‍ ഇന്ത്യ” പദ്ധതി വിലക്കയറ്റത്തിനിടയാക്കുമെന്നു മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ആഭ്യന്തര ഉത്പാദനത്തിനു തിരിച്ചടിയാകുമെന്നും ഫലവത്തായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വരുന്നതോടെ ഉത്പാദകര്‍ക്കു കാര്യക്ഷമതയില്ലാതാവുന്നതു വിലക്കയറ്റത്തിനു കാരണമാകുമെന്നു രഘുറാം രാജന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന് ശേഷം “മേക്ക് ഇന്‍ ഇന്ത്യ” പദ്ധതിയിലൂടെ 2022ഓടെ രാജ്യത്ത് 10 കോടി തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതിയ്ക്ക് കാര്യമായ വളര്‍ച്ചയുണ്ടായില്ലെന്ന് ‘റോയിറ്റേഴ്‌സ്’ തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.2018 ഫെബ്രുവരിയില്‍ 5.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 7.2 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വേയുടെ അടിസ്ഥാനത്തില്‍ 3.12 കോടി തൊഴിലന്വേഷകരാണുള്ളതെന്നും തെരഞ്ഞെടുപ്പിലെ മുഖ്യ വോട്ടര്‍മാര്‍ 25 വര്‍ഷത്തിനുള്ളില്‍ താഴെയുളളവരാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നാലര വര്‍ഷത്തിനിപ്പുറവും തൊഴിലില്ലായ്മ നേരിടുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിയതല്ലാതെ കുറവു വന്നിട്ടില്ല. കൂടുതല്‍ തൊഴില്‍ മേഖലകളും അവസരങ്ങളും സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ പദ്ധതികള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *