മസ്കറ്റ്:
വേനലവധിയും ചെറിയ പെരുന്നാളും അടുക്കെ നാട്ടിൽ വരാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന നിരക്കുകൾ ഉയരുന്നു. മെയ് പകുതി മുതൽ മസ്‌ക്കറ്റിൽ നിന്നും കേരളത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏപ്രിലിൽ കേരളത്തിൽ നിന്നും മസ്ക്കറ്റിലേക്കുള്ള ടിക്കറ്റ് നിരക്കുകളും ഉയർന്നിട്ടുണ്ട്.
സാധാരണ തിരക്കുണ്ടാവുന്ന സീസൺ നോക്കി വിമാന കമ്പനികൾ നിരക്ക് ഉയർത്താറുണ്ട്. ഇതോടൊപ്പം ഇന്ധന വില കൂടിയതും നിരക്ക് വർദ്ധനയ്ക്ക് കാരണമാണ്. കുറഞ്ഞ നിരക്കുള്ള ഇൻഡിഗോ മസ്കറ്റിൽ നിന്നും കോഴിക്കോടേക്കും കൊച്ചിയിലേക്കും വിമാന സർവീസ് നിർത്തിയതും മറ്റൊരു കാരണമാണ്. വിപണി മൂല്യം ഇടിഞ്ഞ ജെറ്റ് എയർവേസ് കേരളത്തിലേക്കുള്ള സർവീസുകൾ കഴിഞ്ഞ വർഷം അവസാനത്തോടെ നിർത്തലാക്കിയിരുന്നു. വിപണിയിൽ മത്സരമില്ലാത്തതിനാൽ തന്നെ എയർഇന്ത്യ ഇപ്പോൾ നിരക്കുകൾ ഉയർത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാരായ പ്രവാസികളെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.