Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഇന്ത്യയില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന 55 ശതമാനം പേരും ഓണ്‍ലൈനില്‍ തങ്ങളുടെ രാഷ്ട്രീയം പങ്ക് വെക്കാന്‍ ഭയക്കുന്നതായി സര്‍വ്വേ ഫലം. വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് തിങ്കളാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുല്‍വാമ ആക്രമണത്തിന് മുന്‍പും ശേഷവും ഉണ്ടായിട്ടുള്ള ആക്രമണങ്ങളും അറസ്റ്റും ഉള്‍പ്പടെയുള്ളവയാണ് ഇത്തരത്തില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതെന്നാണ് സൂചനകള്‍.

നേരത്തെ വിദ്യാര്‍ഥികളും അദ്ധ്യാപകരും വ്യവസായികളും ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള സാധാരണ ജനങ്ങള്‍ വരെ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേ കാരണം കൊണ്ട് സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ തങ്ങളെ കുഴപ്പത്തില്‍ ചാടിക്കുമോ എന്ന് ഇന്‍റര്‍നെറ്റ് ഉപഭോക്താകളായ ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ ഭയപ്പെടുന്നതായാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇത്തരത്തില്‍ തങ്ങളെ കുഴപ്പത്തില്‍ ചാടിക്കും എന്ന് 55 പേരും കരുതുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ കുറഞ്ഞത് 7 അധ്യാപകരെ എങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ 2017, 2018 വര്‍ഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ ഇന്ത്യയില്‍ അമ്പതിലധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *