Sun. Dec 22nd, 2024
കാലിഫോർണിയ:

മലയാള സിനിമയിലെ ആക്ഷൻ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട നടനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമയിൽ ഉണ്ടെന്ന് അറിഞ്ഞാൽ നായകന്റെ പക്ഷത്താണോ അതോ വില്ലന്റെ പക്ഷത്താണോ എന്നറിയുന്നത് വരെ സമാധാനമുണ്ടാവില്ല. നായകന്റെ പക്ഷത്താണെങ്കിൽ ഉണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല. നേരെ മറിച്ചാണെങ്കിൽ പടം തീരുന്നതുവരെ മുൾമുനയിലായിരിക്കും.

ഇടക്കാലത്ത് സിനിമകളിൽ സജീവമല്ലാതിരുന്ന ബാബു ആന്റണി ഗംഭീരമായ ഒരു തിരിച്ചുവരവാണ് ഈ അടുത്ത് നടത്തിയത്. ഏറ്റവും അവസാനമായി നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിയിൽ കളരി ആശാനായി ആരാധകരുടെ കയ്യടിയും ബാബു ആന്റണി നേടി.

ഇപ്പോഴിതാ ബാബു ആന്റണിയുടെ ആരാധകർക്ക് സന്തോഷിക്കാൻ ഒരു വാർത്ത. നടൻ ബാബു ആന്റണി അമേരിക്കൻ സിനിമയിൽ വേഷമിടുന്നു. വാറൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ് ബ്ലേഡ്സ് ആൻഡ് ബ്ലഡ്’ എന്ന ചിത്രത്തിലാണ് മലയാളത്തിന്റെ ആക്ഷൻ രാജാവ് വേഷമിടുന്നത്. അഞ്ച് തവണ മിക്സഡ് മാർഷൽ ആർട്ട്സ് (എം.എം.എ.) ചാമ്പ്യനായ റോബർട്ട് ഫർഹാം അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ചങ്ങാതിയായിട്ടാണ് ബാബു ആന്റണി ചിത്രത്തിൽ വേഷമിടുന്നത്. കാലിഫോർണിയയിലെ പിറ്റ്സ്ബർഗിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ കരാട്ടെ വേൾഡ് ചാമ്പ്യൻ റോബർട്ട് പർഹാം മൂന്നുതവണ ലോക ബോക്സിംഗ് ചാമ്പ്യനായ ടോണി ലോപ്പസ് എന്നിവരും വേഷമിടുന്നുണ്ട്. ബാബു ആന്റണിക്ക് ഇവരുമായി ആക്ഷൻ സീക്വൻസുകൾ ഉണ്ടാവും.

ഒരു ആർ ആൻഡ് ബി ഗായകനെ തട്ടിക്കൊണ്ടുപോകാൻ മാർക്കസ് ബ്ലേഡ്സ് എന്നയാൾ നിയോഗിക്കപ്പെടുന്നു, എന്നാൽ ഒരു ഘട്ടത്തിൽ ഇയാൾ തന്നെ ഇരയാവുകയും പിന്നീടുള്ള ഈ കഥാപാത്രത്തിന്റെ പ്രതികാരവുമാണ് സിനിമയുടെ കഥ.

Leave a Reply

Your email address will not be published. Required fields are marked *