Thu. Apr 18th, 2024
ന്യൂഡല്‍ഹി:

നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.മഹേന്ദ്ര നാഥ് പാണ്ഡേയുടെ സഹോദരന്‍ ജിതേന്ദ്ര നാഥ് പാണ്ഡേയുടെ മരുമകള്‍ അമൃത പാണ്ഡേയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അമൃത ഇക്കാര്യം വ്യകതമാക്കിയത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പഴയ ബന്ധം വച്ചാണ് താന്‍ പ്രിയങ്കയുമായി കൂടിക്കാഴ്‌ച നടത്തിയതെന്നാണ് അമൃതയുടെ പ്രതികരണം.

പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് പോലെ താനും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അമൃത പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇനി വരാന്‍ പോകുന്നത് മോദിയുടെ കാലമല്ല, മറിച്ച്‌ കോണ്‍ഗ്രസിന്റെ കാലമാണ്. മോദി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയുടെ രാഷ്ട്രീയം കോണ്‍ഗ്രസിന്റേതായിരിക്കും. അതിനാലാണ് താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അമൃത വിശദീകരിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായി പ്രതികരിക്കാന്‍ അമൃത തയ്യാറായില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അമൃത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *