Fri. May 3rd, 2024
ലണ്ടന്‍:

പി.എന്‍.ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍.  മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് ബ്രിട്ടന്റെ നടപടി. നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും. കോടികള്‍ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്ര വ്യവസായിയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടിയുടെ ബാങ്ക് വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസാണ് നീരവിന്റെ പേരിലുള്ളത്.

രാജ്യം വിട്ട് പതിനേഴ് മാസത്തിനു ശേഷമാണിയാള്‍ അറസ്റ്റിലാകുന്നത്.പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാതട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് നീരവ് മോദി. നേരത്തെ ലണ്ടനില്‍ നിന്നുള്ള നീരവിന്റെ ദൃശ്യങ്ങള്‍ ഒരു പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമം പുറത്തു വിട്ടിരുന്നു. നീരവിനെതിരെ നേരത്തെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഈ മാസം 25 ന് മോദിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. നീരവ് മോദിയെ കൈമാറണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും. നീരവ് മോദിയും ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തായതോടെ കഴിഞ്ഞ വര്‍ഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ബാങ്ക് തട്ടിപ്പുകേസില്‍ സി.ബി.ഐയും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, രണ്ട് എഫ്‌,ഐ,ആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിന് 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് അപേക്ഷ നല്‍കിയത്. നീരവിനെ എന്നാവും ഇന്ത്യയ്ക്ക് കെെമാറുകയെന്ന് വ്യക്തമല്ല.

2 thought on “നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍”