വെല്ലിംഗ്ടൺ:
ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മുസ്ലീം പള്ളിയിൽ നടന്ന വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കൾക്കും മിത്രങ്ങൾക്കും സാന്ത്വനവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ. ഇന്നലെ വെല്ലിംഗ്ടണിലെ കിൽബിർണി മോസ്ക് സന്ദർശിച്ച ജസീന്ത ദുഖമനുഭവിക്കുന്ന വിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പലരെയും പ്രധാനമന്ത്രി ആശ്ലേഷിച്ചു. കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുൻപിൽ മൗനം ആചരിച്ച പ്രധാനമന്ത്രി പൂക്കൾ സമർപ്പിക്കുകയും ചെയ്തു.
തോക്കു വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി പുതിയ പരിഷ്കാരം പത്തു ദിവസത്തിനകം കൊണ്ടുവരുമെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി വ്യക്തമാക്കി. ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മോസ്കുകളിൽ വെള്ളക്കാരനായ അക്രമി വെള്ളിയാഴ്ച നടത്തിയ വെടിവയ്പിൽ അമ്പത് പേർ മരിച്ച സാഹചര്യത്തിലാണു തോക്കുനിയന്ത്രണം ഏർപ്പെടുത്തുന്നത്. പുതുതായി കൊണ്ടുവരുന്ന നിയമത്തിന് കാബിനറ്റിന്റെ അംഗീകാരം കിട്ടിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടെ മോസ്കിൽ ആക്രമണം നടത്തിയതിനു പിടിയിലായ ഓസ്ട്രേലിയക്കാരൻ ബ്രെന്‍ഡന്‍ ടറാന്റ് തോക്കുവാങ്ങിയത് ഓൺലൈനിലൂടെയാണെന്നു റിപ്പോർട്ട്. 2017 ഡിസംബറിനും 2018 മാർച്ചിനും ഇടയ്ക്ക് നാലു തോക്കുകളും വെടിക്കോപ്പുകളും ഓൺലൈനിലൂടെ ടറാന്റ് വാങ്ങിയെന്ന് ഗൺസിറ്റി സ്റ്റോർ ഉടമ ഡേവിഡ് ടിപ്പിൾ വ്യക്തമാക്കി.
“അസലാമു അലൈക്കും” എന്ന ആശംസാ വചനത്തോടെയാണ് ജസീന്ത പാർലിമെന്റിൽ തന്റെ പ്രസംഗം ആരംഭിച്ചത്. ന്യൂസീലന്‍ഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നല്‍കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു. ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കുമെന്നും ജസീന്ത പറഞ്ഞു.
തനിക്ക് അഭിഭാഷകന് വേണ്ടെന്നും സ്വയം വാദിച്ചുകൊള്ളാമെന്നുമുള്ള തീവ്രവാദി ബ്രെന്‍ഡന്‍ ടെറന്റിന്റെ നിലപാടില്‍ ആശങ്കയുണ്ടെന്ന് ജസീന്ത കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ടെറന്റ് അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുമോയെന്നാണ് തന്റെ ആശങ്കയെന്നും അവര്‍ വിശദീകരിച്ചിരുന്നു. അതാണ് അയാള്‍ ലക്ഷ്യമിടുന്നതെങ്കില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചരിപ്പിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
അതിനിടെ വെടിവെയ്പ്പിൽ മരിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ന്യുസീലൻഡിലെ “മാവോരി” ഗോത്രക്കാർ വെടിവെയ്പുണ്ടായ മോസ്കിന് മുന്നിൽ പ്രശസ്തമായ “ഹാക” എന്ന പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. ആഘോഷവേളകളോടൊപ്പം തന്നെ മരണമുഹൂർത്തങ്ങളില് വിഷമാവസ്ഥയെ തരണം ചെയ്യാനും മാവോരി ഗോത്രക്കാർ ഹാക നൃത്തം ചവിട്ടാറുണ്ട്. കൈകളും കാലുകളും കണ്ണും നാക്കും ശബ്ദവുമെല്ലാം ഒരുപോലെ ഉപയോഗിക്കുന്ന നൃത്തരൂപമാണിത്.
ന്യൂസിലാൻഡിലെ നാഷണൽ റഗ്ബി ടീം മത്സരങ്ങൾക്കു മുന്നോടിയായി ഹാകാ ശീലിക്കാൻ തുടങ്ങിയതോടെയാണ് ഹാകയ്ക്ക് ലോകമൊട്ടാകെ പ്രചാരമേറിയത്. പ്രധാനമായും പുരുഷന്മാരാണ് ഹാക ചെയ്യാറുള്ളത്. ഹാക തന്നെ നിരവധിയുണ്ട്. സന്ദർഭത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് സന്തോഷമോ, ദുഖമോ, ധീരതയോ മറ്റെന്തെങ്കിലും വികാരങ്ങളോ പ്രകടിപ്പിക്കാൻ അവർ ഹാക ഉപയോഗിക്കുന്നു. ഇത്തരുണത്തിൽ രാജ്യമെമ്പാടും പല വിധത്തിൽ മരിച്ചവർക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ന്യുസീലൻഡ് സർക്കാരും ജനങ്ങളും.