Wed. Nov 6th, 2024
മുംബൈ :

സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ഗ്രൂപ്പിന് കൊടുക്കാനുള്ള കുടിശ്ശിക കോടതിയിൽ കെട്ടിവെച്ചു അനിൽ അംബാനി ജയിൽ വാസത്തിൽ നിന്നും രക്ഷപ്പെട്ടു. 2014-ല്‍ ആണ് സ്വീഡിഷ് കമ്പനിയുമായി അനിലിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്(ആര്‍കോം) കരാര്‍ ഒപ്പിട്ടത്. എന്നാല്‍ എറിക്‌സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള പണം നൽകാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്. പണം നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എറിക്‌സണ്‍ കോടതിയെ സമീപിക്കുകയായിരുന്നു.

എറിക്സണ്‍ ഗ്രൂപ്പിന് നല്‍കാനുള്ള 550 കോടി രൂപയില്‍ 118 കോടി ഫെബ്രുവരിയില്‍ ആര്‍കോം സുപ്രീംകോടതിയില്‍ കെട്ടിവച്ചിരുന്നു. ബാക്കിയുള്ള തുകയ്ക്കായി എറിക്‌സൺ ഗ്രൂപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചപ്പോൾ അനില്‍ അംബാനി നല്‍കാനുളള 458.77 കോടി രൂപ സുപ്രീം കോടതിയില്‍ അടച്ചു ജ്യേഷ്‌ഠൻ മുകേഷ് അംബാനി അനുജനെ രക്ഷിക്കുകയായിരുന്നു. കുടിശ്ശിക കൊടുത്തു തീർക്കാൻ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. കുടിശ്ശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചതിന് അനിൽ അംബാനിയെയും ഡയറക്ടര്‍മാരെയും കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കുമെന്ന് ഫെബ്രുവരി 19 നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

റിലയന്‍സ് ഗ്രൂപ്പ് രണ്ടായി വിഭജിക്കപ്പെട്ടതിനു ശേഷം ഇതു രണ്ടാം തവണയാണ് സഹോദരന്റെ പ്രതിസന്ധിഘട്ടത്തില്‍ മുകേഷ് അംബാനി രക്ഷകനാകുന്നത്. 2018-ല്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ആര്‍കോമിന്റെ വയര്‍ലെസ് ആസ്തി 3,000 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ കടന്നുവരവോടെ ഉണ്ടായ വിലക്കുറവിനെ അതിജീവിക്കാന്‍ ആര്‍കോം കഷ്ടപ്പെടുന്നതിനിടെയായിരുന്നു ഇത്.

സുപ്രീം കോടതിയിൽ പണം അടച്ചുവെന്നു റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കിയതിനു പിന്നാലെ സഹോദരന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും നന്ദിപറഞ്ഞ് അനില്‍ അംബാനി പ്രസ്താവനയിറക്കി. “എന്റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്റെ സഹോദരന്‍ മുകേഷ്, നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല എങ്ങനെയാണ് ഞങ്ങളുടെ ദൃഢമായ കുടുംബ മൂല്യങ്ങള്‍ സമയോചിതമായ പിന്തുണയിലൂടെ പ്രകടിപ്പിക്കേണ്ടത് എന്നും കാണിച്ചുതന്നു. ഞാനും എന്റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും ഭാവിയിലും. നിങ്ങള്‍ നിങ്ങളുടെ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു” അനിലിന്‍റെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

വിൽപത്രമെഴുതിവയ്ക്കാതെ പിതാവ് ധീരുഭായ് അംബാനി 2002 ൽ അന്തരിച്ചതോടെ സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടായി പരസ്പരം വേർപിരിഞ്ഞിരുന്നു. ഇതേത്തുടർന്ന് റിലയൻസിനെ ഇരുവരും രണ്ടായി പകുത്തു. ഊർജ, ടെലികോം മേഖലകൾ അനിലും പരമ്പരാഗത വ്യവസായങ്ങളായ ഓയിൽ, പെട്രോകെമിക്കൽ തുടങ്ങിയവ മുകേഷും മുന്നോട്ടുനടത്തി. പലപ്പോഴും സഹോദരങ്ങൾ തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ന്യൂയോർക്ക് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമർശങ്ങൾക്കെതിരെ 10,000 കോടി രൂപയുടെ അപകീർത്തിക്കേസാണ് അനിൽ മുകേഷിനെതിരെ ചുമത്തിയത്. പിന്നീട് 2010 ൽ അമ്മ, കോകിലബെൻ അംബാനി ഇടപെട്ടാണ് ഇരുവർക്കുമിടയിൽ സമാധാനം കൊണ്ടുവന്നത്. പിന്നീട് മഞ്ഞുരുകുന്നുവെന്ന സൂചനകളുണ്ടായിരുന്നു. 2017 ഡിസംബർ 28 ന് (ധീരുഭായ് അംബാനിയുടെ 85ാം ജന്മവാർഷികത്തിൽ) അനിലിന്റെ കടംകയറിമുടിഞ്ഞ ആർകോം 23,000 കോടി രൂപയ്ക്ക് മുകേഷിന്റെ ജിയോ വാങ്ങാൻ ധാരണയായിരുന്നു. എന്നാൽ ആർകോമും എറിക്സണും തമ്മിലുള്ള കേസ് കോടതിയിൽ ഉള്ളതിനാൽ ഈ ഇടപാടും നിയമത്തിന്റെ നൂലാമാലകൾ ക്ഷണിച്ചുവരുത്തി. അടുത്തിടെ മുകേഷിന്റെ മക്കളായ ഇഷയുടെയും ആകാശിന്റെയും കല്യാണങ്ങൾക്ക് അനിലും ഭാര്യ ടീനയും ആദ്യാവസാനം പങ്കെടുത്തിരുന്നു.

തിങ്കളാഴ്ച ആര്‍കോമിന്റെ ഓഹരി 9.3 ശതമാനം വിലയിടിഞ്ഞ് നാലു രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി നഷ്ടത്തെ തുടര്‍ന്ന് 2017 ഓടെ വയര്‍ലെസ് ബിസിനസ് അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാദ്ധ്യത. റഫാൽ ഇടപാടിലും അനിൽ അംബാനിക്കെതിരെ അഴിമതി ആരോപണം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *