ഖത്തർ:
ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ആദ്യ പടിയായി പൊതുജനങ്ങളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക് ദോഹയില്‍ തുടക്കം കുറിച്ചു. റോഡ് യാത്രയില്‍ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. മുതിര്‍ന്നവരെ പോലെ തന്നെ പിഞ്ചുകുട്ടികള്‍ക്കും കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിനാണ് ഭരണകൂടം തുടക്കം കുറിച്ചത്.
മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവരെ പോലെ തന്നെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട്. ദോഹയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി ക്യാമ്ബയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ യാത്രക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള റോഡ് നിയമഭേദഗതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.