Wed. Apr 2nd, 2025
ലണ്ടൻ:

ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 26ാം മിനിറ്റില്‍ സാദിയോ മാനേയാണ് ലിവര്‍പൂളിനായി ആദ്യം വല കുലക്കിയത്. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ തന്നെ മുന്നിട്ട് നിന്നു. എന്നാല്‍ 74 മിനിറ്റില്‍ റയാന്‍ ബാബലിലൂടെ ഫുള്‍ഹാം സമനിലപിടിച്ചു. 81ാം മിനിറ്റില്‍ ജയിംസ് മില്‍നറാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തിൽ എവർട്ടൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസിയെ അട്ടിമറിച്ചു. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയില്‍ എവർട്ടനു വേണ്ടി റിച്ചാര്‍ലിസണ്‍ ആദ്യ ഗോളും ഗിലിഫി സിഗൂഡ്‌സണ്‍ രണ്ടാം ഗോളും നേടി.

ജയത്തോടെ 31 മത്സരങ്ങളില്‍ 76 പോയിന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാമതെത്തി. 30 കളികളില്‍ നിന്ന് 74 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 57 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് ചെല്‍സി.

സ്പാനിഷ് ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് വീണ്ടും തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോൽപ്പിച്ചാണ് ബാഴ്‌സ സ്വന്തം തട്ടകത്തിൽ വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ തോൽവിക്കുള്ള മധുര പ്രതികാരമായിരുന്നു ബാഴ്സയുടെ ജയം. സൂപ്പർ താരം മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. ലൂയിസ് സുവാരസാണ് ശേഷിച്ച ഗോൾ നേടിയത്. ഈ വിജയത്തോടെ ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം 10 പോയന്റാക്കി ഉയര്‍ത്തി. 28 കളികളില്‍ നിന്ന് 66 പോയിന്റാണ് ബാഴ്‌സയ്ക്ക്.

18, 45+2 , 85 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ. 63ാം മിനിറ്റിൽ ലൂയിസ് സുവരാസും ബാഴ്സക്കായി ലക്ഷ്യം കണ്ടു. 82ാം മിനിറ്റിൽ ലോറന്‍സോ മൊറോനിലാണ് ബെറ്റിസിന്റെ ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തിൽ റയോ വല്ലേസിനോയെ വില്ലാറയല്‍ 3-1 ന് തോല്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *