Fri. Apr 26th, 2024

കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രത്യേകിച്ചു നടപടികളൊന്നും കൈക്കൊള്ളാതിരുന്ന ഭരണകൂടത്തിനെതിരെ, നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനാറുകാരി സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടിയാണ് നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിലാണ്, സ്വീഡിഷ് പാര്‍ലമെന്റ് ബില്‍ഡിങ്ങിനു പുറത്ത് ഗ്രേതാ തന്‍ബര്‍ഗ് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിച്ചത്. ആ സമരത്തിൽ നിന്ന് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉറച്ചു മനസ്സോടെ മുന്നോട്ടു പോകുകയാണ് ഗ്രേത ചെയ്തത്. പാര്‍ലമെന്റ് ബില്‍ഡിങ്ങിനു പുറത്ത് കയ്യില്‍ ബാനറുമായി നിന്ന ആ പെണ്‍കുട്ടിയെ കണ്ടവരെല്ലാം അത്ഭുതപ്പെട്ടു. എന്നാല്‍ എട്ടു മാസങ്ങള്‍ക്ക് ശേഷം അവള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് വന്നത് 105 രാജ്യങ്ങളാണ്. അവരത് നടപ്പിലാക്കാന്‍ ശ്രമവും ആരംഭിച്ചു.

ഈ കുഞ്ഞ് സമര നായികക്ക് നൊബേല്‍ സമ്മാനം ലഭിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവാകും അവള്‍. 17ാം വയസ്സില്‍ പുരസ്‌കാരം ലഭിച്ച മലാല യൂസഫ്‌സായ് ആണ് ഇതിനു മുൻപത്തെ പ്രായം കുറഞ്ഞ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ്. ഒക്ടോബര്‍ മാസത്തിലാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

2018 ൽ ആണ് ഗ്രേത ആദ്യമായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ സമരം സംഘടിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന കോൺഫെറൻസിനെയും വേൾഡ് എക്കണോമിക് ഫോറത്തിനെയും അഭിസംബോധന ചെയ്ത് ഗ്രേത പ്രസംഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *