Sat. Apr 27th, 2024

മലയാള സിനിമക്ക് ലോക സിനിമാ ഭൂപടത്തിൽ ഇടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സംവിധായകരിൽ ഒരാളായ ജി.അരവിന്ദൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 28 വർഷങ്ങൾ തികയുന്നു. 1991 മാർച്ച് 15 നാണ് അരവിന്ദൻ ഈ ലോകത്തോട് വിട പറഞ്ഞത്. തന്റെ അവസാന ചിത്രമായ ‘വാസ്തുഹാര’ റിലീസ് ആവുന്നതിനു മുൻപായിരുന്നു അരവിന്ദന്റെ വിയോഗം. ചലച്ചിത്ര-നാടക സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതജ്ഞൻ, കാർട്ടൂണിസ്റ്റ്, ചിത്രകാരൻ എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ഗോവിന്ദൻ അരവിന്ദൻ എന്ന ജി.അരവിന്ദൻ ഇന്നും ചലച്ചിത്രാസ്വാദകരുടെ മനസ്സിൽ മായാത്ത ഓർമ്മയാണ്.

ചലച്ചിത്ര സംവിധാനത്തിലേക്ക് കടക്കും മുന്നേ മലയാളികൾക്ക് ജി.അരവിന്ദൻ പരിചിതനാവുന്നത്, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരച്ചിരുന്ന ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന പ്രതിവാര കാർട്ടൂൺ പാരമ്പരയിലൂടെയാണ്. 60 കളിലെയും 70 കളിലെയും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ അരവിന്ദൻ ഈ കാർട്ടൂൺ പരമ്പരയിലൂടെ അവതരിപ്പിച്ചു. സിനിമാസംവിധായകൻ എന്ന നിലയിൽ ലോകപ്രശസ്തൻ ആവുന്നതിന് എത്രയോ മുൻപു തന്നെ ഈ കാർട്ടൂൺ പരമ്പരയിലൂടെ മലയാളികളുടെ സാമൂഹിക-സാംസ്കാരിക വ്യവഹാരത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു അദ്ദേഹം. രാമു, ഗുരുജി എന്നിവരായിരുന്നു ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. ആക്ഷേപഹാസ്യ പ്രധാനമായ ഈ കാർട്ടൂൺ പരമ്പരക്കു ശേഷം ‘രാമുവിന്റെ സാഹസിക യാത്രകൾ’, ‘ഗുരുജി’ എന്നീ പേരുകളിൽ മാതൃഭൂമിയിൽ തന്നെ രണ്ടു കാർട്ടൂൺ പരമ്പരകൾ കൂടി അരവിന്ദൻ ചെയ്തിരുന്നു.

കോഴിക്കോട് നാഷണൽ റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദൻ കോഴിക്കോട്ടെ കലാ സാഹിത്യ സാംസ്‌കാരിക വ്യക്തിത്വങ്ങളുമായി സൗഹൃദം സൂക്ഷിച്ചിരുന്നു. ഈ സൗഹൃദങ്ങൾ അരവിന്ദന്റെ ആശയങ്ങളെയും കലാജീവിതത്തെയും പരുവപ്പെടുത്തുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. ചിത്രകാരനായ എം.വി. ദേവൻ, എം.ടി. വാസുദേവൻ നായർ, തിക്കോടിയൻ, പട്ടത്തുവിള കരുണാകരൻ, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയവർ അരവിന്ദന്റെ ഉറ്റ സുഹൃത്തുക്കളിൽ ചിലരാണ്.

പ്രശസ്ത ഹാസ്യ സാഹിത്യകാരൻ എം.എൻ. ഗോവിന്ദൻ നായരുടെ മകനായി 21 ജനുവരി 1935 ന് കോട്ടയത്ത് ജനിച്ച അരവിന്ദൻ മറ്റു പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടിയും കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ അരവിന്ദൻ തന്റെ ശ്രദ്ധ തനത് നാടക വേദിയിലേക്കും സംഗീതത്തിലേക്കും തിരിച്ചു. ‘നവരംഗം’ ‘സോപാനം’ എന്നീ സംഗീത-നാടക സംഘങ്ങളുടെ പിറവിയിൽ അരവിന്ദൻ മുഖ്യ പങ്കുവഹിച്ചിരുന്നു. പ്രശസ്ത നാടകസംവിധായകനായ കാവാലം നാരായണ പണിക്കരോടൊപ്പം ചേർന്ന് അരവിന്ദൻ സൃഷ്‌ടിച്ച ‘കാളി’, ‘അവനവൻ കടമ്പ’ എന്നീ തനത് നാടകങ്ങൾ കേരളത്തിൽ നിലവിലുണ്ടായിരുന്ന നാടകങ്ങളിൽ നിന്നും വിഭിന്നമായ ഒരു ശൈലിക്ക് രൂപം നൽകി. ചിത്രകലയിലും, സംഗീതത്തിലും, നാടകത്തിലും അരവിന്ദനുണ്ടായിരുന്ന പ്രാവീണ്യം കോഴിക്കോട്ടെ സൗഹൃദ കൂട്ടായ്മകളിൽ അരവിന്ദന് തന്റേതായ ഇടം നൽകി.

കോഴിക്കോട്ടെ ഈ സൗഹൃദ കൂട്ടായ്മയിൽ നിന്നാണ് അരവിന്ദന്റെ ആദ്യ ചിത്രമായ ഉത്തരായണത്തിന്റെ (1974) സൃഷ്ടിയ്ക്കായുള്ള സാഹചര്യങ്ങൾ ഒരുങ്ങുന്നത്. പട്ടത്തുവിള കരുണാകരൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് തിക്കോടിയനാണ്. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ അവസരവാദവും കാപട്യവും തുറന്ന കാണിച്ച ഈ ചിത്രത്തിന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 25-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ചു.

സി. എൻ. ശ്രീകണ്ഠൻ നായരുടെ ‘കാഞ്ചന സീത’ എന്ന നാടകത്തെ അവലംബിച്ചുള്ളതായിരുന്നു അതേപേരിൽ 1977 ൽ ഇറങ്ങിയ അരവിന്ദന്റെ രണ്ടാമത്തെ ചിത്രം. വാൽമീകി രാമായണത്തിന്റെ പുനർനിർമ്മിതി/വായനയായ ഈ ചിത്രം മലയാളത്തിലെ സ്വതന്ത്ര ചലച്ചിത്ര നിർമ്മാണം രീതിക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ഈ ചിത്രത്തിലൂടെ അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

തുടർന്ന് ‘തമ്പ്’, ‘കുമ്മാട്ടി’, ‘എസ്തപ്പാൻ’, ‘പോക്കുവെയിൽ’, ‘ചിദംബരം’, ‘ഒരിടത്ത്’, ‘മാറാട്ടം’, ‘ഉണ്ണി’, ‘വാസ്തുഹാര’ തുടങ്ങി ദേശീയ അന്തർദ്ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചലച്ചിത്രങ്ങൾ അരവിന്ദൻ സൃഷ്ടിച്ചു. നിരവധി ഹൃസ്വ ചിത്രങ്ങളും, ഡോക്യൂമെന്ററികളും അരവിന്ദൻ സംവിധാനം ചെയ്തിട്ടുണ്ട്. ഹിന്ദുസ്‌ഥാനി സംഗീതത്തിൽ ജ്ഞാനമുണ്ടായിരുന്ന അരവിന്ദൻ തന്റെ ചിത്രമായ എസ്തപ്പാനിലും പവിത്രൻ സംവിധാനം ചെയ്ത ‘യാരോ ഒരാൾ’, ഷാജി.എൻ.കരുണിന്റെ ‘പിറവി’, ആർ. രവീന്ദ്രന്റെ ‘ഒരേ തൂവൽ പക്ഷികൾ’ എന്നീ ചലച്ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.

പരമ്പരാഗത ശൈലികളിൽ നിന്നും വേറിട്ട സൃഷ്ടികളായിരുന്നു അരവിന്ദന്റെ സിനിമകൾ. അരവിന്ദൻ ഓരോ സിനിമയിലൂടെയും ആഖ്യാനശൈലിയിലും രൂപത്തിലും പരീക്ഷണങ്ങൾക്ക് മുതിർന്നു. തന്റെ സിനിമകളിലൂടെ വ്യത്യസ്തമായ കാല-ദേശ-ഭാഷ-സംസ്കാരങ്ങൾ അരവിന്ദൻ പകർത്തി. അതിനാൽ തന്നെ കേവലം പ്രദേശിക ആസ്വാദകരിൽ ഒതുങ്ങാതെ വ്യത്യസ്ത ഭാഷ-ദേശങ്ങളിൽ നിന്നുള്ളവർക്ക് അരവിന്ദന്റെ ചിത്രങ്ങൾ പ്രിയപ്പെട്ടവയായി. ഇന്ത്യൻ സിനിമയിലെ നവതരംഗത്തിന്റെ പ്രധാനികളിലൊരാളായ അരവിന്ദനെ 1990 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *