Thu. Mar 28th, 2024
#ദിനസരികള് 698

എന്റെ മേശപ്പുറത്തേക്ക് ഈയിടെയായി ഒരു പുസ്തകക്കൂട്ടം വന്നു കേറിയിട്ടുണ്ട്. അത് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒരു വട്ടം കൂടി – എന്റെ പാഠപുസ്തകങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന, സാമാന്യം വലുപ്പമുള്ള മൂന്നു വാല്യങ്ങളാണ്. വാങ്ങിക്കൊണ്ടുവന്ന അന്നു മുതല്‍ അതെന്റെ കൈയെത്തും ദൂരത്തു തന്നെയാണിരിക്കുന്നത്. എന്നു മാത്രവുമല്ല, ഇടയ്ക്കിടക്ക് ഞാനതെടുത്ത് മറിച്ചു നോക്കുമ്പോള്‍ ചില ഓര്‍മ്മകളിലേക്ക്, ചില രുചികളിലേക്ക്, ചില ഗന്ധങ്ങളിലേക്ക് ആ പുസ്തകം എന്നെ വലിച്ചടുപ്പിക്കാറുമുണ്ട്.

ഒരിക്കല്‍, ഒന്നാം ക്ലാസു മുതല്‍ പത്താംക്ലാസുവരെയുള്ള വിവിധ കാലഘട്ടങ്ങളി‍ല്‍, നാം സ്കൂള്‍ ക്ലാസുകളില്‍ പഠിച്ചു പോയ പാഠപുസ്തകങ്ങളുടെ ഒരു ശേഖരമാണ് ഒരു വട്ടംകൂടി. അതുകൊണ്ടുതന്നെ ഓരോ തവണയും ഈ പുസ്തകക്കൂട്ടം കൈയ്യിലെടുക്കുമ്പോള്‍ ഓര്‍മ്മകള്‍ ഇരമ്പിയെത്തുന്നത് സ്വാഭാവികവുമാണല്ലോ. നാം പിന്നിട്ടു പോന്ന ഒരു ലോകത്തേക്ക്, ഒരിക്കല്‍ക്കൂടി ഓരോരുത്തരേയും കൊണ്ടുചെന്നെത്തിക്കാനുള്ള ഭാവനാ സമ്പന്നമായ ഈ ശ്രമത്തിന് നാം ഡി.സി. ബുക്സിനോടും എഡിറ്റര്‍മാരോടും നന്ദി പറയുക.

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന മലയാള പാഠപുസ്തകങ്ങളെ കണ്ടെത്തുവാന്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പ്രസാധകക്കുറിപ്പില്‍ അനുസ്മരിക്കുന്നുണ്ട് – “വിചാരിച്ചതുപോലെ സുഗമമായിരുന്നില്ല അവയുടെ ശേഖരണം. കേരള വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ അന്വേഷിച്ചെങ്കിലും, അവിടെയൊന്നും അവ പരിരക്ഷിച്ചിട്ടുണ്ടായിരുന്നില്ല. എസ്.സി.ആർ.ടിയുടെ ആര്‍‌ക്കൈവില്‍ നിന്നും ഉപപാഠപുസ്തകങ്ങളടക്കം പതിനാറു പുസ്തകങ്ങള്‍ മാത്രമാണ് ലഭിച്ചത്. കേരളത്തിലെ പഴയ കാല വിദ്യാലയങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും, അവിടെയൊന്നും പഴയകാല പാഠപുസ്തകങ്ങള്‍ സൂക്ഷിച്ചു വെയ്ക്കുന്ന ഒരു സംവിധാനമേ ഇല്ലായിരുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കുമായി ചില പാഠപുസ്തകങ്ങള്‍ ചിലയിടങ്ങളില്‍ പൊടിപിടിച്ചു കിടന്നിരുന്നത് കണ്ടെടുക്കാന്‍ കഴിഞ്ഞു. ചില സ്കൂളുകള്‍ ഈ അന്വേഷണത്തോട് മുഖം തിരിച്ചു എന്ന ദൌര്‍ഭാഗ്യകരമായ വസ്തുതയും പറയാതെ വയ്യ.”

ഏതേതു കാലങ്ങളില്‍ ഏതേതു പുസ്തകങ്ങളാണ് നാം പഠിച്ചു പോന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന കൃത്യമായ രേഖകളുടെ അഭാവം ഇത്തരമൊരു നീക്കത്തെ പ്രതികൂലമായി ബാധിച്ച പ്രധാനപ്പെട്ട ഘടകമാണ്. നമ്മുടെ സമൂഹത്തേയും, വ്യക്തികളുടെ സ്വഭാവത്തേയുമൊക്കെ പരുവപ്പെടുത്തിയെടുക്കുവാന്‍ സഹായിച്ച പാഠങ്ങളെ അത് ഉപയോഗത്തിലിരുന്ന കാലങ്ങളെ സൂചിപ്പിച്ചുകൊണ്ട് ശേഖരിച്ചു വെയ്ക്കേണ്ടതുതന്നെയാണ്. ഈ സമാഹാരത്തിലും കണ്ടുകിട്ടാത്ത പുസ്തകങ്ങളുണ്ട്. നൂറു ശതമാനമെന്ന് പ്രസാധകരും അവകാശപ്പെടുന്നില്ല, മറിച്ച് തൊണ്ണൂറ്റിയഞ്ചു ശതമാനത്തോളം ശേഖരിച്ചിട്ടുമുണ്ട് എന്ന് അവര്‍ എടുത്തുപറയുന്നു.

ഇനിയെങ്കിലും, സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റ് ഏജന്‍സികളും ലഭ്യമാകുന്ന പാഠപുസ്തകങ്ങളും, പാഠപുസ്തക കമ്മറ്റികളുടെ രേഖകളും, ഓരോ തവണയും നവീകരിക്കപ്പെട്ടപ്പോഴുണ്ടായ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളുമൊക്കെ ശേഖരിച്ച്, ഒരിടത്തു സൂക്ഷിച്ചു വെയ്ക്കുവാന്‍ മുന്‍‌കൈ എടുക്കേണ്ടതാണ്. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന സൂചന പുസ്തകം നല്കുന്നുണ്ടെങ്കിലും, അതൊരു പ്രധാനപ്പെട്ട ഉത്തരവാദിത്തമായി കണ്ടുകൊണ്ട് ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തി കഴിയുന്നത്ര സമഗ്രതയോടെ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഡോ പി.കെ. തിലകിന്റെ പാഠപുസ്തക ചരിത്രം – ചില നിരീക്ഷണങ്ങള്‍ എന്ന ആമുഖപ്രബന്ധം പാഠപുസ്തകങ്ങളെ അധീശശക്തികള്‍ എങ്ങനെയൊക്കെയാണ് വിനിയോഗിക്കുകയെന്നും, തല്പരകക്ഷികള്‍ അവയുടെ ആശയപ്രചാരണത്തിനുള്ള ഉപാധിയാക്കുന്നതെങ്ങനെയെന്നും വിലയിരുത്തുന്നത് ശ്രദ്ധിക്കുക. സമൂഹത്തില്‍ എല്ലാക്കാലത്തും പുലര്‍ന്നു പോകേണ്ട മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയെടുക്കുന്ന പാഠപുസ്തകങ്ങള്‍ അക്കാരണംകൊണ്ടുതന്നെ, പലപ്പോഴും വിവാദങ്ങള്‍ക്കു വഴിതെളിച്ചിട്ടുണ്ട്. ഏതു മൂല്യമാണ് കുട്ടികള്‍ സ്വായത്തമാക്കേണ്ടത് എന്ന ചോദ്യമാണ് വിവാദത്തിനു വഴി വെയ്ക്കുന്നത്. മതങ്ങള്‍ അവരുടേതായ കാഴ്ചപ്പാടുകളേയും, ഇതരര്‍ അവരുടേതുമാണ് വേണ്ടതെന്ന് വാദിക്കുകയാണല്ലോ സ്വാഭാവികമായും സംഭവിക്കുന്നത്. ആധുനിക കാലത്തിന്റെ നീതിബോധത്തിനും ശാസ്ത്രീയമായ ധാരണകള്‍ക്കും അനുസൃതമായിട്ടായിരിക്കണം പാഠപുസ്തകങ്ങളെ തയ്യാറാക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ മതങ്ങളും മറ്റു സങ്കുചിതത്വങ്ങളും മാറ്റി നിറുത്തുന്നതുതന്നെയാണ് ഉചിതം.

ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയൊമ്പതു മുതല്‍ അമ്പത്തിയൊമ്പതു വരെ നിലിവിലുണ്ടായിരുന്ന പത്തുപുസ്തകങ്ങളും പ്രഥമവ്യാകരണവും മധ്യമവ്യാകരണവുമാണ് ഒന്നാം വാല്യത്തില്‍ സമാഹരിച്ചിരിക്കുന്നത്. രണ്ടാം വാല്യത്തില്‍ അറുപതുമുതലുള്ള പുസ്തകങ്ങളും, മൂന്നാമത്തേതില്‍ 77, 78,87,92,94,96,88 എന്നിവയും കൂടാതെ ഒരു കുടയും കുഞ്ഞുപെങ്ങളും, സര്‍ക്കസും പോരാട്ടവും, ഊര്‍മിള എന്നീ ഉപപാഠപുസ്തകങ്ങളും ഉള്‍‌പ്പെടുത്തിയിരിക്കുന്നു. പുസ്തകങ്ങള്‍ എങ്ങനെയാണോ പ്രസിദ്ധീകരിച്ചിരിക്കുന്നത് അതേ ലേ ഔട്ടിലാണ് അച്ചടിച്ചിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന മുഖചിത്രങ്ങളും ഫോണ്ടും അക്കാലത്തേതുതന്നെയാണ്. പഴമയെ നിലനിറുത്തുവാനുള്ള ഈ ശ്രമങ്ങള്‍ വൈകാരികമായി നമ്മെ സ്വാധീനിക്കുന്നവ തന്നെയാണ്.

അവതാരികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതുന്നു :- “ഇത്തരത്തിലൊരു പഠനം പുറത്തു വരുന്നത് മലയാള ഭാഷയേയും മലയാളക്കരയേയും സ്നേഹിക്കുന്നവരെ സംബന്ധിച്ച് അവരുടെ ചിരകാല സ്വപ്നത്തിന്റെ ഫലമാണ്. ഈ കൃതി ഒരു തുടക്കമാണെന്നും, ഇത്തരം പഠനങ്ങള്‍ നടത്താന്‍ ഒരു പ്രചോദനമാകുമെന്നുമാണ് ഞാന്‍ കരുതുന്നത്.” ആ പ്രതീക്ഷയില്‍ നമുക്കും പങ്കു ചേരുക. അതോടൊപ്പം മലയാളം മാത്രമല്ല ഇതര വിഷയങ്ങളിലുണ്ടായിട്ടുള്ള പാഠപുസ്തകങ്ങള്‍ കൂടി ഇത്തരത്തില്‍ പ്രസിദ്ധീരിക്കപ്പെടണം എന്ന അഭ്യര്‍ത്ഥന കൂടി പ്രസാധകരോട് പങ്കു വെക്കുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *