കുവൈത്ത് സിറ്റി:
ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, 17,18 തീയതികളിൽ റാസിസൻ ബ്ലൂ ഹോട്ടലിൽ നടത്തുന്ന ബെസ്റ്റ് ഓഫ് ഇന്ത്യൻ ഹെൽത്ത് കെയർ എക്സ്പോയിൽ, ഇന്ത്യയിലെ 20ലേറെ ചികിത്സാ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. അലോപ്പതിക്ക് പുറമെ, ആയുർവേദ മേഖലയിലെ സ്ഥാപനങ്ങളും അവയിൽ ഉൾപ്പെടും.
സ്വദേശികൾക്ക്, ഇന്ത്യൻ ആരോഗ്യമേഖല പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ആരോഗ്യ മേഖലയിലുള്ള സാധ്യതകൾ സംബന്ധിച്ച് കുവൈത്തികൾക്ക് കാര്യമായ അറിവ് ഇല്ല. വിവരക്കൈമാറ്റത്തിന്റെ അഭാവമാണ് പ്രധാന കാരണം. രക്താർബുദം ഉൾപ്പെടെയുള്ള രോഗ ചികിത്സയ്ക്ക് ഇന്ത്യയിൽ ചെലവാകുന്നതിന്റെ 20 ഇരട്ടി ചെലവാണ് പല രാജ്യങ്ങളിലും. എന്നാൽ, ചെലവ് കുറയുന്നതിനൊപ്പം ചികിത്സയുടെ ഗുണനിലവാരവും കുറവായിരിക്കുമെന്ന ധാരണ പലർക്കുമുണ്ട്. ആ സന്ദേഹം മാറ്റിക്കൊടുക്കുക എന്നതും എക്സ്പോയുടെ ലക്ഷ്യമാണ്. ഇന്ത്യയിൽ ലഭ്യമാകുന്ന നൂതന ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് അറിയാൻ, സ്വദേശികൾക്കും വിദേശികൾക്കും എക്സ്പോയിൽ സൗകര്യമുണ്ടാകും.
കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ.സലാം അൽ കന്ദരി, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ പ്രസിഡന്റ് ഷിവി ബാസിൻ, ഡോ.വിനോദ് ഗ്രോവർ, ഡോ.അമീർ അഹമ്മദ്, ഡോ.ജഗന്നാഥ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ദേശീയ, രാജ്യാന്തര അംഗീകാരമുള്ള സ്ഥാപനങ്ങളാണ് എക്സ്പോയിൽ പങ്കെടുക്കുക.ഇന്ത്യയിൽ ചികിത്സക്കായി പോകുന്ന വിദേശികൾക്ക് മൾട്ടി എൻട്രി മെഡിക്കൽ വിസ അനുവദിക്കുമെന്നും സ്ഥാനപതി അറിയിച്ചു.