Thu. Apr 25th, 2024
ദോഹ:

ഇനി പ്രവാസികൾക്ക് ഖത്തറിലും ഭൂമി വാങ്ങാം. പ്രവാസികൾക്ക് ഖത്തറിൽ ഭൂമി വാങ്ങാവുന്ന മേഖലകൾ വിജ്‌ഞാപനം ചെയ്യുന്ന പട്ടികയ്‌ക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി. ഖത്തറിലെ സമ്പന്നരായ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയയമമാണിത്‌. 2018 ഒക്‌ടോബർ 31നാണ്‌ നിയമത്തിന്‌ അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി അംഗീകാരം നൽകിയത്‌. 2018ലെ 16ാം നമ്പർ നിയമമാണ്‌, സർക്കാർ അനുവദിക്കുന്ന മേഖലകളിൽ വിദേശികൾക്കും ഖത്തറിൽ ഭൂമി വാങ്ങാൻ അനുവാദം നൽകുന്നത്‌.

പ്രവാസികൾ വാങ്ങുന്ന ഭൂമിയുടെ വിപണിവില നിശ്‌ചയിക്കുന്നതിനും, റജിസ്‌ട്രേഷൻ നടപടികൾക്കു മേൽനോട്ടം വഹിക്കുന്നതിനും റജിസ്‌ട്രേഷൻ വകുപ്പിനു കീഴിൽ പ്രത്യേക സമിതി രൂപീകരിക്കാൻ ഈ വർഷം ആദ്യം തീരുമാനമായിരുന്നു. വിദേശ വ്യക്‌തികൾക്കും, വിദേശ വാണിജ്യ കമ്പനികൾക്കും, ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനും, നിക്ഷേപം റിയൽ എസ്‌റ്റേറ്റ്‌ മേഖലയിൽ നിക്ഷേപം നടത്താനും മന്ത്രിസഭ അംഗീകരിച്ച പ്രമേയം അവകാശം നൽകുന്നു. 10 മേഖലകളിലാണ്‌ വിദേശികൾക്ക്‌ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുവാദം ലഭിക്കുക. ഇതിനു പുറമേ 16 മേഖലകളിലെ 99 വർഷത്തേക്ക്‌ ഭൂമി കൈവശം വച്ച്‌ ഉപയോഗിക്കാനുള്ള അനുവാദവും നൽകുന്നു.

താമസാവശ്യത്തിനുള്ള കെട്ടിടവും, വാടകയ്ക്കു നൽകുന്നതിനായി വില്ലകളും ഫ്ലാറ്റുകളും ഉൾപ്പെട്ട സമുച്ചയങ്ങളും, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഇനി വിദേശികൾക്ക്‌ സ്വന്തമാക്കാം. ഭൂമിയിൽ അവകാശമുള്ള കാലത്തോളം വിദേശികൾക്ക്‌ ഖത്തറിൽ താമസാനുമതിയും ഉറപ്പാക്കുന്നതാണ്‌ മന്ത്രിസഭ ഇന്നലെ അംഗീകരിച്ച പ്രമേയം.

പരിസ്‌ഥിതി സംരക്ഷണത്തിൽ രാജ്യാന്തര നിലവാരം ഉറപ്പുവരുത്താൻ മാലിന്യ പുനഃസംസ്‌കരണം സംബന്ധിച്ച കരടു നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഗാർഹിക മാലിന്യങ്ങൾ മുതൽ വ്യാവസായിക മാലിന്യങ്ങൾ വരെ കരടു നിയമത്തിന്റെ പരിധിയിൽ വരും. പുനഃസംസ്‌കരണമേഖലയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളുടെ ലൈസൻസ്‌, ലൈസൻസ്‌ റദ്ദാക്കാവുന്ന സാഹചര്യങ്ങൾ, ഒരിക്കൽ റദ്ദാക്കിയ ലൈസൻസ്‌ പുനഃസ്‌ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയെല്ലാം കരടു നിയമത്തിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *