Wed. Nov 6th, 2024
ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പര പ്രഖ്യാപിച്ച് ഓൺലൈൻ ചലച്ചിത്ര വിതരണ സ്ഥാപനമായ ഇറോസ് നൗ. ഏപ്രിൽ മാസം മുതൽ പരമ്പര ലഭ്യമാക്കുവാനാണ് ഇറോസിന്റെ ലക്ഷ്യം. പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മേയ് 19 വരെ നടക്കാനിരിക്കെയാണ് പരമ്പര വരുന്നത് എന്നത് യാദൃശ്ചികമാവാൻ ഇടയില്ല.

‘മോദി’ എന്ന് പേരിട്ടിരിക്കുന്ന വെബ് പരമ്പരയിൽ മോദിയുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചുള്ള കഥയായിരിക്കും പറയുക എന്നു പരമ്പരയുടെ നിർമ്മാതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. ബെഞ്ച് മാർക്ക് പിക്ചേഴ്സാണ് പരമ്പര നിർമ്മിക്കുന്നത്. ‘ഓ മൈ ഗോഡ്’, ‘102 നോട്ട് ഔട്ട്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഉമേഷ് ശുക്ലയാണ് പരമ്പര സംവിധാനം ചെയ്യുന്നത്.

പന്ത്രണ്ടാം വയസുമുതൽ ഉള്ള മോദിയുടെ ജീവിതമായിരിക്കും പത്ത് ഭാഗങ്ങൾ ഉള്ള പരമ്പരയിൽ ഉണ്ടാവുക രാഷ്ട്രീയ സ്വയം സേവകനായിരുന്ന മോദി 1987 ലാണ് ബി.ജെ.പിയിൽ ചേരുന്നത്. പിന്നീട് 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയും 2014 ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫൈസൽ ഖാൻ, ആശിഷ് ശർമ്മ, മഹേഷ് ഠാക്കൂർ എന്നിവർ വിവിധ കാലഘട്ടങ്ങളിലുള്ള മോദിയെ പരമ്പരയിൽ അവതരിപ്പിക്കും. മിഹിർ ഭുട്ട, രാധിക ആനന്ദ് എന്നിവരാണ് പരമ്പര രചിച്ചിരിക്കുന്നത്.

മോദിയെ കുറിച്ചുള്ള ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്ന വേളയിലാണ് വെബ് പരമ്പര കൂടി മോദിയുടെ ജീവിതത്തെ അധികരിച്ച് വരുന്നത്. ‘പി.എം നരേന്ദ്ര മോദി’ എന്ന് പേരിട്ടിരിക്കുന്ന ചലച്ചിത്രത്തിൽ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് ആണ് നരേന്ദ്ര മോദിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഘോഷണം ചെയ്യലിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന അണിയറ കഥകൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഏറെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിലിൽ തന്നെ തീയേറ്ററുകളിൽ ഇറക്കാൻ ഉദ്ദേശിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഒമംഗ് കുമാറാണ് നിർവ്വഹിക്കുന്നത്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുടെ വേഷത്തിൽ മനോജ് ജോഷിയും, മോദിയുടെ അമ്മ ഹീരാബെന്നായി സറീന വഹാബും. മോദിയുടെ അകന്നുകഴിയുന്ന ഭാര്യ യശോദബെന്നായി ഭർഖ ബിഷ്തും ചിത്രത്തിൽ അഭിനയിക്കും.

Leave a Reply

Your email address will not be published. Required fields are marked *