Mon. May 6th, 2024
ജിദ്ദ:

മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം നടപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. മക്കയിൽ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,435 ടൂറിസം സ്ഥാപനങ്ങളുണ്ട്. കൂടാതെ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,303 ഹോട്ടലുകളും 132 റെസിഡൻഷ്യൽ യൂനിറ്റുകളും മക്കയിലുണ്ട്.

മക്കയിൽ, ഹോട്ടലുകളും, ട്രാവൽസുകളും, ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടക്കം ആകെ 2,870 സ്ഥാപനങ്ങൾ ലൈസൻസോടെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ടൂറിസം മേഖലയിൽ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും, ഈ മേഖലയിൽ സൗദിവത്കരണം നടപ്പാക്കുന്നതിനും സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ടെന്നു ടൂറിസം, ദേശീയ പൈതൃക വകുപ്പ് മക്ക ശാഖാ മേധാവി ഡോ. ഹിശാം ബിൻ മുഹമ്മദ് മദനി പറഞ്ഞു.

ടൂർ ഗൈഡ് മേഖലയിൽ പ്രവർത്തിക്കുന്നതിന്, മുതവ്വിഫുമാരുടെ മക്കളെ റിക്രൂട്ട് ചെയ്യുന്നതിന് അറബ് രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഫലമായി ടൂർ ഗൈഡുമാരായി പ്രവർത്തിക്കുന്നതിൽ 400 ലേറെ സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.

എന്നാൽ, മത്സ്യബന്ധന ബോട്ടുകളിൽ സൗദിവത്കരണം നടപ്പാക്കുന്നത് നീട്ടിവെക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തീരുമാനിച്ചത് പ്രവാസികൾക്ക് ആശ്വാസമായി. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന മേഖലയാണിത്. സാവകാശമില്ലാതെ ഈ മേഖലയിൽ സൗദിവത്കരണം നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് തീരുമാനം.

ബോട്ടുകൾ കടലിൽ ഇറക്കാനുള്ള ലൈസൻസ് കിട്ടാൻ ഓരോ മത്സ്യബന്ധന ബോട്ടിലും ഒരു സൗദി പൗരൻ വീതം നിർബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ഇത് നീട്ടിവെച്ചതായി തീരപ്രദേശങ്ങളിലെ അതിർത്തി സുരക്ഷാ സേനകളെ അറിയിച്ചിട്ടുണ്ട്. പട്രോളിംഗ് സമയത്ത് മത്സ്യബന്ധന ബോട്ടുകളെ സൗദിവത്കരണത്തിന്റെ പേരിൽ തടയാതിരിക്കുന്നതിനാണിത്.

സൗദിവത്കരണം നടപ്പാക്കുന്നത് നീട്ടിവെച്ച തീരുമാനം ക്രിയാത്മക ചുവടുവെപ്പാണെന്ന് കിഴക്കൻ പ്രവിശ്യയിലെ ബോട്ട് ഉടമകൾ പറഞ്ഞു. മത്സ്യബന്ധന മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തങ്ങളും ആഗ്രഹിക്കുന്നു. എന്നാൽ സൗദിവത്കരണം നടപ്പാക്കുന്നതിന് നേരത്തെ അനുവദിച്ച സാവകാശം പര്യാപ്തമായിരുന്നില്ല. കിഴക്കൻ പ്രവിശ്യയിൽ മാത്രം രണ്ടായിരത്തിലേറെ ബോട്ടുകൾ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്രയും ബോട്ടുകളിൽ നിയമിക്കുന്നതിന് മതിയായത്ര സൗദികൾ ലഭ്യമല്ലെന്നും ബോട്ട് ഉടമകളായ സ്വദേശി പൗരന്മാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *