Tue. Apr 16th, 2024
ന്യൂഡൽഹി:

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു കടുത്ത ആശങ്കകൾ സമ്മാനിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പരയും സ്വന്തമാക്കി. നേരത്തെ ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇന്ത്യയെ 35 റണ്‍സിനാണു ഓസ്‌ട്രേലിയ തോൽപ്പിച്ചത്. അഞ്ചു മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു 2 – 0 നു മുന്നിൽ നിന്ന ശേഷമാണ് ശേഷിച്ച മൂന്നു തോറ്റ് ഇന്ത്യ പരമ്പര അടിയറ വെച്ചത്.

ഡൽഹിയിലെ ഫിറോസ് ഷാ കോട്ട്ല മൈതാനിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഉസ്മാന്‍ ഖ്വാജയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് 237 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ചിനോടോപ്പം 76 റൺസിന്റെയും, രണ്ടാം വിക്കറ്റിൽ ഹാൻഡ്സ്കോംബിനോടോപ്പം 99 റൺസിന്റെയും കൂട്ടുകെട്ടു തീർത്ത ഖ്വാജയാണ് സന്ദർശകർക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഖ്വാജ 106 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 100 റൺസെടുത്തു. ഏകദിനത്തിൽ ഖ്വാജ നേടിയ രണ്ട് സെഞ്ചുറിയും ഈ പരമ്പരയിലാണ് പിറന്നത്. റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു ആദ്യ സെഞ്ചുറി. മൊഹാലിയിൽ നടന്ന നാലാം ഏകദിനത്തിൽ സെഞ്ചുറിക്ക് ഒൻപതു റൺസ് അകലെ പുറത്തായി. ഇതിനു പുറമെ ഒന്നാം ഏകദിനത്തിലും ഖ്വാജ അർധസെഞ്ചുറി നേടിയിരുന്നു.

ഒരു ഘട്ടത്തിൽ 32.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. എന്നാൽ, അവിടുന്നങ്ങോട്ട് പിടിമുറുക്കിയ ഇന്ത്യൻ ബോളർമാർ ഒരു ഘട്ടത്തിൽ ഓസീസിനെ 250നു ചുവടെ ഒതുക്കുമെന്ന തോന്നലുയർത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന നിലയിൽനിന്ന് ഓസീസ് ഏഴിന് 229 റൺസെന്ന നിലയിലേക്കു തകരുകയും ചെയ്തു. പക്ഷെ, അവസാന ഓവറുകൾ ജൈ റിച്ചാർഡ്സനും പാറ്റ് കമ്മിൻസും ചേർന്നു നടത്തിയ കടന്നാക്രമണം സന്ദർശകരെ 270 കടത്തി.

അവസാന നാല് ഓവറിൽ 42 റൺസാണ് ഇന്ത്യ വഴങ്ങിയത്. ഇതിൽ ജസ്പ്രീത് ബുമ്ര ഒരു ഓവറിൽ വിട്ടുകൊടുത്ത 19 റൺസും ഉൾപ്പെടുന്നു. കഴിഞ്ഞ മൽസരത്തിൽ ഏകദിനത്തിലെ കന്നി സെഞ്ചുറി നേടിയ പീറ്റർ ഹാൻഡ്സ്കോംബ്, ഇക്കുറി അർധസെഞ്ചുറി നേടി പുറത്തായി. 60 പന്തിൽ നാലു ബൗണ്ടറി സഹിതം 52 റൺസായിരുന്നു ഹാൻഡ്സ്കോംബിന്റെ സമ്പാദ്യം.പാറ്റ് കമ്മിൻസ് എട്ടു പന്തിൽ 15 റൺസെടുത്തു പുറത്തായപ്പോൾ, റിച്ചാർഡ്സൻ 21 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 29 റൺസെടുത്ത അവസാന പന്തിൽ റണ്ണൗട്ടായി.ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റു നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു തകര്‍ച്ചയോടെയായിരുന്നു തുടക്കം. അഞ്ചാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൊഹാലി ഏകദിനത്തിലെ സെഞ്ചുറിക്കാരനായ ധവാന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. കോലിക്കും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. സ്റ്റോയ്‌നിസിന്റെ പന്തില്‍ ക്യാരിക്ക് തന്നെ ക്യാച്ച് നല്‍കുകയായിരുന്നു. പന്ത് നന്നായി തുടങ്ങിയെങ്കിലും ലിയോണിന്റെ പന്തില്‍ അഷ്ടണ്‍ ടര്‍ണര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഓരോ സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

ഇന്ത്യൻ നിരയിൽ കുറച്ചെങ്കിലും തിളങ്ങിയത് ഏക അർധസെഞ്ചുറിക്ക് ഉടമയായ രോഹിത് ശർമയാണ്. പതിവിനു വിപരീതമായി സാവധാനം ബാറ്റു ചെയ്ത രോഹിത് 89 പന്തിൽ നാലു ബൗണ്ടറി സഹിതം നേടിയത് 56 റൺസ്. വ്യക്തിഗത സ്കോർ 46ൽ എത്തിയപ്പോൾ രോഹിത് ശർമ ഏകദിനത്തിൽ 8000 റൺസും തികച്ചു. മുൻനിരയിൽ രോഹിത് ഒഴികെ പിന്നീടാർക്കും കാര്യമായി തിളങ്ങാനാകാതെ പോയതാണ് തിരിച്ചടിയായത്. ശിഖർ ധവാൻ (15 പന്തിൽ 12), വിരാട് കോഹ്‍ലി (22 പന്തിൽ 20), ഋഷഭ് പന്ത് (16 പന്തിൽ 16), വിജയ് ശങ്കർ (21 പന്തിൽ 16), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിങ്ങനെയാണ് മുൻനിര താരങ്ങളുടെ പ്രകടനം.

ബാറ്റ്സ്മാൻമാരെല്ലാം ഒന്നാകെ കൂടാരം കയറിയതോടെ 28.5 ഓവറിൽ ആറിന് 132 റൺസ് എന്ന നിലയിലായി ഇന്ത്യ. പിന്നീട് ഇറങ്ങിയ ഭുവനേശ്വർ കുമാർ – കേദാർ ജാദവ് സഖ്യമാണ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചത്. 54 പന്തുകൾ നേരിട്ട ഭുവനേശ്വർ കുമാർ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 46 റൺസെടുത്തു. 57 പന്തുകൾ നേരിട്ട കേദാർ ജാദവ് ആകട്ടെ, നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസും നേടി.ഏഴാം വിക്കറ്റിൽ 16.1 ഓവർ ക്രീസിൽനിന്ന ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിലേക്കു ചേർത്തത് 91 റൺസ്.

എന്നാൽ, 46–ാം ഓവറിന്റെ അവസാന പന്തിൽ ഭുവനേശ്വർ കുമാറിനെ ആരോൺ ഫിഞ്ചിന്റെ കൈകളിലെത്തിച്ച്, പാറ്റ് കമ്മിൻസും തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ ജാദവിനെ മാക്സ്‍വെല്ലിന്റെ കൈകളിലെത്തിച്ച്, ജൈ റിച്ചാർഡ്സനും ഇന്ത്യൻ കുതിപ്പിനു വിരാമമിട്ടു. പിന്നീട് ക്രീസിലെത്തിയ വാലറ്റക്കാർക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. തുടർച്ചയായ മൂന്നാം വിജയത്തോടെ പരമ്പര ഓസീസ് സ്വന്തമാക്കി. ഓസീസ് ബൗളിങ്ങിൽ മൂന്നു വിക്കറ്റുമായി ആദം സാംപയും രണ്ടു വിക്കറ്റ് വീതം പിഴുത പാറ്റ് കമ്മിൻസ്, ജൈ റിച്ചാർഡ്സൻ, മാർക്കസ് സ്റ്റോയ്നിസ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

പരമ്പരയിലെ രണ്ടാം സെഞ്ചുറിയും നാലാമത്തെ 50+ സ്കോറും കണ്ടെത്തിയ ഉസ്മാൻ ഖ്വാജയാണ് മാൻ ഓഫ് ദ് മാച്ച്, മാൻ ഓഫ് ദ് സീരീസ് പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *