Mon. Dec 23rd, 2024
ജിദ്ദ:

സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. സ്വദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ജിദ്ദ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ ചെറുകിട വ്യാപാരസ്ഥാനങ്ങളിൽ മാസങ്ങൾക്കു മുമ്പു തന്നെ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കനത്ത ശിക്ഷയാണ് നൽകുന്നത്.
സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളും, ബിനാമി ബിസിനസ്സും, കണ്ടെത്തുവാനും, നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനും ജിദ്ദ ഗവർണർ മിഷാൽ ബിൻ മജീദ് രാജകുമാരൻ, ബന്ധപ്പെട്ട വകുപ്പുകളോടു നിർദ്ദേശിച്ചു.

സ്വദേശി യുവാക്കൾക്കും യുവതികൾക്കും, തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങളും ലഭ്യമാക്കാൻ ശക്തമായ ശ്രമം നടത്തണം. കൂടാതെ, മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും, ഒപ്പം ഉദ്യോഗാർത്ഥികളും തൊഴിൽ കരാറിലെ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഹാനികരമാകുന്നതും, വ്യാജ ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്നതുമായ ബിനാമി ബിസിനസ് നിർമ്മാർജ്ജനം ചെയ്യണം. പ്രാദേശിക തൊഴിൽ വിപണിയിൽ, സ്വദേശികൾ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നും മിഷാൽ ബിൻ മജീദ് രാജകുമാരൻ ആവശ്യപ്പെട്ടു.

അതേസമയം, വിദേശികൾ ഏറ്റവും കൂടുതൽ ജോലി ചെയ്തിരുന്ന വാണിജ്യ മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതോടെ, നിരവധി വിദേശികൾക്കാണ് തൊഴിൽ നഷ്ടമായത്.
ആദ്യഘട്ടത്തില്‍ 12 മേഖലകളിലാണ് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നത്. കാര്‍, ബൈക്ക് ഷോപ്പുകള്‍, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഓഫീസ് ഫര്‍ണീച്ചര്‍, ഗാര്‍ഹിക ഉപകരണ കടകള്‍ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലാണ് സ്വദേശിവത്കരണം എത്തുന്നത്.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക കണക്കു പ്രകാരം 29 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇതില്‍ പത്തു ലക്ഷത്തിലേറെ മലയാളികളാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിലാവും.

Leave a Reply

Your email address will not be published. Required fields are marked *