മസ്കറ്റ്:
വിദേശ തൊഴിലാളികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ഇല്ലസ്ട്രേറ്റഡ് വീഡിയോ, ഒമാൻ മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനിൽ, മോശം സാഹചര്യത്തിൽ വിദേശതൊഴിലാളികൾ ജോലിയെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് മന്ത്രാലയം കൈക്കൊണ്ട നടപടികളുടെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്.
ഒമാനിൽ ജോലി ചെയ്യുമ്പോൾ, എന്തെല്ലാം കാര്യങ്ങളിൽ അർഹതയും നിയമപരിരക്ഷയും ഉണ്ടെന്നകാര്യം വിദേശതൊഴിലാളികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് വീഡിയോ. അവകാശങ്ങൾ ലംഘിക്കപ്പെടുകയോ, ശമ്പളം വൈകുന്നതടക്കം പ്രശ്നങ്ങൾ നേരിടുകയോ ചെയ്താൽ, മന്ത്രാലയത്തിൽ തൊഴിലുടമയ്ക്കെതിരെ പരാതി സമർപ്പിക്കാം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും വീഡിയോയിൽ വിവരിക്കുന്നുണ്ട്.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മന്ത്രാലയത്തിനാണ് അധികാരമുള്ളത്. നിയമപ്രകാരമുള്ള തൊഴിലുടമയിൽനിന്ന് ഒളിച്ചോടരുത്. അനധികൃതമായി തൊഴിലെടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും വിഡിയോ ചൂണ്ടിക്കാണിക്കുന്നു. ലേബർകാർഡ്, തർക്കപരിഹാരം, പ്രതിമാസവേതനത്തിനുള്ള അവകാശം, അധികസമയ ജോലിക്കുള്ള നിരക്കുകൾ തുടങ്ങിയ വിഷയങ്ങളും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. മതിയായ സൗകര്യങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധനകൾ നടത്തിവരാറുണ്ടെന്നും, നിയമലംഘനം കണ്ടെത്തുന്നവർക്കെതിരെ മതിയായ നടപടി എടുക്കാറുണ്ടെന്നും മന്ത്രാലയം കഴിഞ്ഞദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു.