Mon. Dec 23rd, 2024
ലണ്ടൻ:

യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സർക്കാർ തയാറാക്കിയ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലിമെന്റ് വീണ്ടും തള്ളി. 392–242 വോട്ടിനാണ് മേയുടെ നിർദ്ദേശം പാർലമെന്റ് തള്ളിയത്. ഈ വർഷാദ്യം അവതരിപ്പിച്ച കരാർ പാർലമെന്റ് തള്ളിയതിനെത്തുടർന്നാണു വീണ്ടും അവതരിപ്പിച്ചത്. പിന്നീട് ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് തെരേസ മേ പാർലിമെന്റിൽ വീണ്ടും കരാർ അവതരിപ്പിച്ചത്. എന്നാൽ അതിനും ബ്രിട്ടീഷ് പാർലമെന്റിനെ അംഗീകാരം നേടാൻ കഴിഞ്ഞില്ല.

2016 ജൂണിൽ നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണു യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. ഈ മാസം 29 നാണ് ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടേണ്ടത്. ജനുവരിയിൽ എം.പിമാർ തള്ളിയ അതേ കരാറാണു വീണ്ടും സഭയിൽ വച്ചതെന്നും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നും പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറിമി കോർബിൻ ആവശ്യപ്പെട്ടു.

അതേസമയം, ബ്രെക്‌സിറ്റ് കരാർ പരാജയപ്പെട്ടതോടെ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടണമോ എന്ന കാര്യത്തിൽ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പു നടക്കും. കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടുന്നതെങ്കിൽ ബ്രെക്‌സിറ്റ് വൈകിപ്പിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണോയെന്ന കാര്യത്തിൽ വീണ്ടും വ്യാഴാഴ്ച വോട്ടെടുപ്പുണ്ടാവും.

തെരേസ മേയുടെ കക്ഷിയായ കൺസർവറ്റീവ് പാർട്ടിയിലെ തീവ്ര ബ്രെക്സിറ്റ് വാദികളും കരാറിലെ ചില വ്യവസ്ഥകളെ ശക്തമായി എതിർത്തു. യൂറോപ്യൻ യൂണിയൻ രാജ്യമായ ഐറിഷ് റിപ്പബ്ലിക്കിനും ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിനുമിടയിൽ അതിർത്തി തിരിക്കാൻ പാടില്ലെന്നു കരാറുള്ളതാണു അഭിപ്രായ സമന്വയം ഉണ്ടാകാത്തതിനു കാരണം.

Leave a Reply

Your email address will not be published. Required fields are marked *