Thu. Mar 28th, 2024
ന്യൂഡൽഹി:

പാക്കിസ്ഥാനിൽ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രം ചേർത്ത രണ്ടു പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിന് ഡൽഹിയിലെ ബി.ജെ.പി എം.എൽ.എ ഓം പ്രകാശ് ശർമ്മക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

പോസ്റ്റർ ഉടനെ പിൻവലിക്കണമെന്നും, പോസ്റ്റർ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് വ്യാഴാഴ്ചയ്ക്കുള്ളിൽ കാരണം ബോധിപ്പിക്കണം എന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. തന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെയും ചിത്രങ്ങൾ അടങ്ങിയ രണ്ടു പോസ്റ്ററുകളാണ് മാർച്ച് ഒന്നിന് ബി.ജെ.പി എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഓം പ്രകാശ് ശർമ്മ ഡൽഹിയിലെ വിശ്വസ് നഗർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ്. ഡൽഹിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 11 ന് തുടങ്ങും. മേയ് 19 വരെ തുടരും. രണ്ട് ഘട്ടങ്ങളായാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക.

“പാക്കിസ്ഥാൻ തലകുനിച്ചിരിക്കുന്നു, നമ്മുടെ ധീര സൈനികൻ തിരിച്ചെത്തിയിരിക്കുന്നു. മോദിജി ചുരുങ്ങിയ സമയം കൊണ്ട് അഭിനന്ദനെ തിരികെ എത്തിച്ചു എന്നത് വലിയ നയതന്ത്ര വിജയമാണ്,” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

അഭിനന്ദന്റെ ചിത്രം അടങ്ങിയ പോസ്റ്റർ ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചതിന് ഓം പ്രകാശ് ശർമ്മക്ക് മാർച്ച് 11 ന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നതായി ഷഹദര ജില്ലാ മജിസ്ട്രേറ്റ് കെ.എം. മഹേഷ് വാർത്ത ഏജൻസിയായ പി.ടി.ഐയോടു പറഞ്ഞു. ഓം പ്രകാശ് ശർമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നും, വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്കു മുൻപായി കാരണം ബോധിപ്പിക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത് എന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ മഹേഷ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, സൈനികരെ പരാമർശിക്കുകയോ, അവരുടെ ചിത്രങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് 2013 ഡിസംബറിലെ ഉത്തരവിനെ അധികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ കക്ഷികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്കൊപ്പം അഭിനന്ദൻ വർത്തമാന്റെ ചിത്രം പതിപ്പിച്ച ഹോർഡിങ് നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ പ്രത്യേക ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *