Fri. Nov 22nd, 2024
കൊച്ചി:

ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്, തിരഞ്ഞെടുപ്പിൽ അതിന്റെ പ്രയോജനം എന്തൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.

2013 മുതലാണ് ഇന്ത്യയിൽ ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. വി.വി.പാറ്റ് (V V P A T) എന്നത് “വോട്ടര്‍ വേരിഫൈയ്ഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍” എന്നതിന്റെ ചുരുക്കപ്പേരാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൃത്രിമം കാട്ടിയാല്‍ കണ്ടു പിടിക്കുന്നതിനു വേണ്ടിയുളള സംവിധാനമാണു വി.വി.പി.എ.ടി. അല്ലെങ്കില്‍ വി.വി.പാറ്റ്. വോട്ടിങ് യന്ത്രവുമായി ഒരു പ്രിന്റിങ് ഉപകരണം ബന്ധിപ്പിച്ചു കൊണ്ടാണ് ഇതു നടപ്പാക്കുന്നത്.

ഇതിന്റെ പ്രവർത്തനങ്ങൾ ഇവയാണ്:-

1. വോട്ടിങ് യന്ത്രത്തില്‍ സമ്മതിദായകര്‍ രേഖപ്പെടുത്തുന്ന വോട്ടിന്റെ വിവരം സ്ലിപ്പുകളായി പ്രിന്റു ചെയ്ത് ഉപകരണത്തില്‍ സൂക്ഷിക്കും.

2. വോട്ട് രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ഏതു സ്ഥാനാര്‍ത്ഥിയ്ക്കാണു വോട്ട് രേഖപ്പെടുത്തിയത്, ചിഹ്നം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ സ്ലിപ്പിന്റെ പ്രിന്റ് ലഭിക്കും.

3. ഉപകരണത്തിലെ ചെറിയ വിന്‍ഡോയിലൂടെ, വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് കാണുന്നതിനും, താന്‍ ചെയ്ത വോട്ട് ശരിയായി രേഖപ്പെടുത്തിയെന്ന് ഉറപ്പു വരുത്തുന്നതിനും സാധിക്കും.

4. വോട്ടര്‍ക്കു പരിശോധിക്കാനായി പത്തു സെക്കന്റോളം പ്രദര്‍ശിപ്പിക്കപ്പെടുന്ന സ്ലിപ്പ് പിന്നീട് ഉപകരണത്തിനുളളിലുളള ഡ്രോപ് ബോക്‌സില്‍ വീഴും.

5. വോട്ടിങ് സംബന്ധിച്ചു പരാതി ഉയര്‍ന്നാല്‍ ഈ സ്ലിപ്പുകള്‍ പരിശോധിച്ചു സത്യം കണ്ടെത്താം.

6. സ്ലിപ്പിന്റെ പ്രിന്റ് വോട്ടര്‍മാര്‍ക്ക് കാണാന്‍ സാധിക്കുമെങ്കിലും എ.ടി.എം. സ്ലിപ്പ് പോലെ എടുത്തു കൊണ്ടു പോകാന്‍ സാധിക്കില്ല.

ചുരുക്കത്തിൽ, ഇലക്ട്രോണിക്ക് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ഒരു സമ്മതിദായകന് തന്റെ വോട്ടു കൃത്യമായി രേഖപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്. ഏതു ചിഹ്‌നത്തിൽ കുത്തിയാലും ഒരു പ്രത്യേക പാർട്ടിക്ക് വോട്ടു പോകും എന്ന വിധത്തിൽ വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പൊതുതിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലത്തിലും വി.വി. പാറ്റ് മെഷീനുകൾ ഉപയോഗിക്കാൻ, സുപ്രീം കോടതി, തിരഞ്ഞെടുപ്പു കമ്മീഷനു കർശന നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *