എത്യോപ്യ:
തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാനക്കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സര്‍വീസ് നിർത്തിവെച്ച് സുരക്ഷ പരിശോധന നടപടികൾ ആരംഭിച്ചു.
2017 ൽ പുറത്തിറങ്ങിയ ഈ മോഡൽ ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങൾക്കാണ് ഇരയായത്. പുതിയ വിമാനങ്ങൾ തകരാനുള്ള സാധ്യത അപൂർവമാണ്. ഏറ്റവും പുതിയ മോഡലാണെങ്കിൽ അത്യപൂർവവും. കഴിഞ്ഞ നവംബറിൽ വാങ്ങിയ പുതുപുത്തൻ വിമാനമാണ് എത്യോപ്യയിൽ തകർന്നുവീണത്. എത്യോപ്യൻ എയർലൈൻസിന്റെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകർന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുൻപ് ഇന്തോനേഷ്യയിലെ ലയൺ എയറിന്റെ ഇതേ മോഡൽ വിമാനം തകർന്ന് 189 പേർ മരിച്ചിരുന്നു.
ചൈനയിൽ മാത്രം ഇത്തരം നൂറു വിമാനങ്ങളാണ് അടിയന്തരമായി നിലത്തിറക്കിയത്. ബോയിംഗ് കമ്പനിയുമായും യു.എസ്. അധികൃതരുമായും ബന്ധപ്പെട്ടുവരികയാണെന്ന് ചൈനീസ് അധികൃതർ പറഞ്ഞു. എത്യോപ്യൻ എയർലൈൻസും, കരീബിയനിലെ കേമാൻസ് ദ്വീപുകളും, ഇന്തോനേഷ്യയും തങ്ങളുടെ ഇതേ മോഡലുകൾ നിലത്തിറക്കി. ഇന്ത്യയിൽ സർവീസ് നടത്തുന്ന ഈ മോഡൽ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധന നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശിച്ചു. എന്നാൽ ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കി. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു.
എത്യോപ്യയിൽ ബോയിംഗ് വിമാനം തകർന്നു മരിച്ച 157 പേരിൽ ഇന്ത്യയിൽനിന്നുള്ള യു.എൻ. കൺസൾട്ടന്റ് ശിഖാ ഗാർഗ് അടക്കം നാലുപേർ ഉൾപ്പെടുന്നു. പരിസ്ഥിതി, വനം മന്ത്രാലയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശിഖ നയ്റോബിയിൽ യു.എൻ.ഇ.പിയുടെ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വൈദ്യ പി. ഭാസ്കർ, വൈദ്യ ഹാൻസിൻ അനഗേഷ്, നുകാവരുപ്പു മനിഷ എന്നിവരാണു ശിഖയ്ക്കു പുറമേ വിമാനദുരന്തത്തിനിരയായ ഇന്ത്യക്കാർ. വിമാനദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ജീവകാരുണ്യ സംഘടനാപ്രവർത്തകരായിരുന്നു.
എത്യോപ്യയിൽ തകർന്നുവീണ ബോയിംഗ് വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗിന്റെ പുതിയ മോഡലായ 777 എക്സ് പുറത്തിറക്കുന്ന ചടങ്ങ് മാറ്റിവച്ചതായി കമ്പനി അറിയിച്ചു. ബുധനാഴ്ച സിയാറ്റിലിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.