ന്യൂഡൽഹി:
റംസാൻ മാസം പൂർണ്ണമായും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. റംസാൻ മാസത്തിൽ വരാനിരിക്കുന്ന വോട്ടെടുപ്പ് തീയതികളെ ചൊല്ലി വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഒരു മാസം മുഴുവൻ വോട്ടെടുപ്പിൽ നിന്നും മാറ്റിവയ്ക്കാൻ സാധിക്കില്ലെന്നും, എന്നാൽ, വെള്ളിയാഴ്ചകളും ആഘോഷദിനങ്ങളും ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചതായാണ് റിപ്പോർട്ട്. റംസാൻ മാസത്തിൽ വോട്ടെടുപ്പ് വച്ചാൽ മുസ്ലീം വോട്ടർമാരുടെ സമ്മതിദാന നിരക്ക് കുറയുമെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടിരുന്നു.
അതേസമയം, റംസാൻ മാസത്തിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവാദം ഒഴിവാക്കേണ്ടതും അനാവശ്യവുമാണെന്ന് അഖിലേന്ത്യാ മജ്ലിസ് -ഇ- ഇത്തിഹാദുൽ മുസ്ലീമൻ (AIMIM) തലവൻ അസദുദ്ദീൻ ഒവൈസി അഭിപ്രായപ്പെട്ടു. മുസ്ലീം സമുദായത്തെയും റംസാൻ മാസത്തെയും വിവാദങ്ങൾക്കായി ഉപയോഗിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ ദയവുചെയ്ത് ഒഴിവാക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.
റംസാനിൽ മുസ്ലീങ്ങൾ ഉപവാസം അനുഷ്ഠിക്കുകയും, ഉപവാസം അനുഷ്ഠിക്കുമ്പോൾത്തന്നെ അവർ പുറത്തു പോവുകയും, സാധാരണ ജീവിതം നയിക്കുകയും, ഓഫീസിലും മറ്റ് ജോലികൾക്കൊക്കെ പോകുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരിൽ ദരിദ്രർപോലും റമസാനിൽ ഉപവാസം അനുഷ്ഠിക്കാറുണ്ട്, ഈ റംസാൻ മാസം മുസ്ലീങ്ങളുടെ കൂടുതൽ വോട്ടിംഗ് ശതമാനം ഉണ്ടാകുമെന്നാണ് തന്റെ വിശകലനം എന്നും, എന്തെന്നാൽ ലൗകികമായ എല്ലാ ചുമതലകളിൽ നിന്നും ഒരുവൻ റംസാൻ മാസത്തിൽ സ്വതന്ത്രരായിരിക്കുമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
മേയ് 6 തിങ്കളാഴ്ച മുതൽ ജൂൺ 3 തിങ്കളാഴ്ച വരെയാണ് റംസാൻ മാസം. ലോകസഭ തിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 11 മുതൽ ഏഴ് ഘട്ടങ്ങളായാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക. ഫലം മേയ് 23 ന് പ്രഖ്യാപിക്കും. ഏപ്രിൽ 11, ഏപ്രിൽ 19, ഏപ്രിൽ 23, ഏപ്രിൽ 29, മേയ് 6, മേയ് 12, മേയ് 19 തീയതികളിൽ വോട്ടെടുപ്പ് നടക്കും.