Sat. Apr 20th, 2024
ന്യൂഡൽഹി:

ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നേതാക്കൾക്കു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി കോടതി. അനുമതി ഇല്ലാതെ കുറ്റപത്രം ഫയൽ ചെയ്യാൻ എന്താണിത്ര തിടുക്കമെന്നും കോടതി പോലീസിനോട് ചോദിച്ചു. ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു.) മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട 2016 ലെ രാജ്യദ്രോഹക്കേസിലാണ് ഡൽഹിയിലെ പട്യാല ഹൗസ് കോടതി പോലീസിൽ നിന്നും പുതുക്കിയ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.

പി.ടി.ഐ. റിപ്പോർട്ടുകൾ പ്രകാരം, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യമായ അനുമതി നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചു. അനുമതി നേടുന്നതിന് രണ്ടുമൂന്നു മാസമെടുക്കുമെന്നും ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

അനുമതി ലഭിച്ചതിനു ശേഷം മാത്രം കുറ്റപത്രം ഫയൽ ചെയ്‌താൽ പോരായിരുന്നോ എന്നും, എന്തിനാണ് തിടുക്കം കാണിച്ചതെന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്ത് പോലീസിനോട് ചോദിച്ചു. കേസിന്റെ ചുമതലയിലുള്ള ഡെപ്യൂട്ടി കമ്മീഷണറിൽ നിന്നും പരിഷ്കരിച്ച റിപ്പോർട്ട് ലഭിച്ചാൽ കേസുമായി മുന്നോട്ടു പോവാമെന്നും കോടതി അറിയിച്ചു.

ഫെബ്രുവരി 28 നകം അനുമതി വാങ്ങാൻ ഡൽഹി പോലീസിനോട് കോടതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ജനുവരി 19 ന് വാദം കേട്ടപ്പോൾ ഡൽഹി സർക്കാരിന്റെ അനുമതിയില്ലാതെ കേസിൽ കുറ്റപത്രം ഫയൽ ചെയ്തതിന് പോലീസിനെ കോടതി വിമർശിച്ചിരുന്നു.

കനയ്യ കുമാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കൾ 2016 ഫെബ്രുവരി ഒമ്പതിന് ജെ.എൻ.യുവിൽ നടന്ന ഒരു ചടങ്ങിൽ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചു എന്ന് ആരോപിച്ച് പോലീസ് ഇവർക്കെതിരെ കേസ് എടുക്കുകയായിരുന്നു. ജനുവരി 14 നാണ് ഡൽഹി പോലീസ്, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, ആരോപിക്കപ്പെടുന്ന രാജ്യദ്രോഹക്കുറ്റം തെളിയിക്കാൻ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ അടുത്ത വിചാരണ മാർച്ച് 29 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *