Tue. Apr 16th, 2024
ന്യൂഡല്‍ഹി:

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ, ജനങ്ങള്‍ക്കു തന്നെ വേഗത്തില്‍ പരാതിപ്പെടുന്നതിനായി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ‘സിവിജില്‍ ആപ്പ് (cVIGIL app)’ എന്ന പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്‍റെ ചിത്രമോ, വീഡിയോ ദൃശ്യമോ സഹിതം തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചു നല്‍കാൻ ആപ്ലിക്കേഷന്‍ സഹായിക്കും. പെരുമാറ്റ ചട്ടലംഘനം പരാതിപ്പെടുന്നതിലെ നൂലാമാലകള്‍ ഒഴിവാക്കുകയാണ് കമ്മീഷന്‍ ഇതുവഴി ലക്ഷ്യമിടുന്നത്.

വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സിവിജില്‍ ആപ്പ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തുക. ശേഷം, വിഷയത്തെക്കുറിച്ച്‌ ഒരു കുറിപ്പു കൂടി ചേര്‍ത്ത് കമ്മീഷന് അയച്ചുകൊടുക്കാം. പരാതിപ്പെടുന്നയാള്‍ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നൂറ് മിനിറ്റില്‍ (ഒരു മണിക്കൂര്‍ 40 മിനിറ്റില്‍) നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ് എന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

ഫോട്ടോ, വീഡിയോ, പ്രദേശം തിരിച്ചറിയാനുള്ള വിവരങ്ങൾ എന്നിവ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കൈമാറാനാകും. പരാതി രജിസ്റ്റർ ചെയ്യുമ്പോൾ  ലഭിക്കുന്ന നമ്പർ ഉപയോഗിച്ച‌് നടപടിയുടെ പുരോഗതി അറിയാനാകും. പരാതി, ജില്ലാ കൺട്രോൾ റൂമിലാണ‌് സ്വീകരിക്കുന്നത‌്. ഉടൻ ലൊക്കേഷൻ കണ്ടെത്തി ഫ‌്ളൈയിങ‌് സ‌്ക്വാഡ‌് സ്ഥലത്തെത്തും. സ‌്ക്വാഡിന്റെ റിപ്പോർട്ടിൽ റിട്ടേണിങ‌് ഓഫീസർക്ക‌് നടപടിയെടുക്കാം. ഈ റിപ്പോർട്ട‌് കമ്മീഷന്റെ ദേശീയ പരാതി പരിഹാര പോർട്ടലിലും ലഭ്യമാക്കും. സമയബന്ധിതമായി പരാതിയിൽ സ്വീകരിച്ച നടപടി പരാതിക്കാരനെ അറിയിക്കുകയും ചെയ്യും.

മാതൃകാചട്ടലംഘനങ്ങൾ മാത്രമാണ‌് ഇതുവഴി പരാതിപ്പെടാനാവുക. ഫോട്ടോയും വീഡിയോയും എടുത്ത‌് അഞ്ച‌ു മിനിട്ടിനുള്ളിൽ റിപ്പോർട്ട‌് ചെയ‌്തിരിക്കണം. മുമ്പ‌് എടുത്ത ചിത്രങ്ങളോ ദൃശ്യങ്ങളോ ആപ്പിൽ ഉൾപ്പെടുത്താനോ ആപ‌് ഉപയോഗിച്ച‌് എടുത്ത ചിത്രങ്ങൾ ഫോണിൽ സേവ‌് ചെയ്യാനോ പറ്റില്ല. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ മാത്രമാണ‌് ആപ് പ്രവർത്തിക്കുക.

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയുന്നതിനായി വോട്ടിങ് യന്ത്രങ്ങളിലും പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളിലും സ്ഥാനാര്‍ത്ഥികളുടെ ചിത്രം രേഖപ്പെടുത്തും. ഇതിനുവേണ്ടി സ്ഥാനാര്‍ത്ഥികള്‍ അവരുടെ ഏറ്റവും പുതിയ സ്റ്റാമ്പ് സൈസ് ഫോട്ടോ നല്‍കണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. 17-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 നാണ് ആരംഭിക്കുക. ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മേയ് 23 ന് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *