Sat. Dec 28th, 2024
കരുനാഗപ്പള്ളി:

ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന് എതിരെയുള്ള സമരം നൂറ്റി അൻപതാം ദിവസത്തിലേക്കു നീളുമ്പോള്‍ സ‍ർക്കാർ നിയോഗിച്ച പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഖനനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച പഠന സംഘത്തില്‍ സമരസമിതി നി‍ർദ്ദേശിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെയും സ്ഥലവാസിയെയും കൂടി ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം പഠനവും റിപ്പോർട്ടും വൈകുന്നതിന് പിന്നില്‍ കെ.എം.എം.എൽ ഒത്തുകളിയാണെന്നും സമരത്തിലുള്ളവര്‍ പറയുന്നു.

മേഖലയിലെ കാലാവസ്ഥാ വ്യതിയാനം മുതല്‍ ജലസ്രോതസ്സുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വരെ പഠന വിഷയമാക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. പഠനം സംബന്ധിച്ച ഒരു അറിയിപ്പും സമരസമിതിക്ക് ലഭിച്ചിട്ടില്ലെന്നും പറയുന്നു. സെസ്സിലെ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമാസത്തിനുള്ളില്‍ പഠന റിപ്പോ‍ർട്ട് നല്‍കുമെന്നായിരുന്നു നേരത്തെ സർക്കാര്‍ നല്‍കിയ ഉറപ്പ്. അത് പാലിക്കാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. രാഷ്ട്രീയപ്പാർട്ടികളുടെ നിലപാടിനോടു യോജിക്കാൻ കഴിയില്ലെന്നും
സമരസമിതി പ്രവർത്തകർ പറയുന്നു.

ഖനനം പൂർണമായും നിർത്തണമെന്ന് ആവശ്യപ്പെട്ട് ‘സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ്’ എന്ന മുദ്രാവാക്യമുയർത്തി നവംബ‍ർ ഒന്നിനാണ് സമരം തുടങ്ങിയത്. കേരളപ്പിറവിദിനത്തിൽ ഗ്രാമത്തിന്റെയും ജനതയുടെയും നിലനിൽപ്പിനായി ജനകീയസമിതി രൂപവത്കരിച്ച് ചെറിയഴീക്കലിൽ സത്യാഗ്രഹം ആരംഭിച്ചു. 2019 ഡിസംബറിൽ, സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് സമരത്തിന് ജനശ്രദ്ധ ലഭിച്ചത്. സമരത്തിന്റെ നൂറ്റമ്പതാം ദിവസം സമരത്തില്‍ പങ്കെടുത്ത മുഴുവൻ പേരുടെയും സംഗമം സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

1955-ലെ സർവേയിൽ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ആലപ്പാട് പ്രദേശം 2018 അവസാനമായപ്പോൾ 7.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. മൂന്നരക്കിലോമീറ്റർ വീതിയുണ്ടായിരുന്ന ഖനനപ്രദേശമായ വെള്ളനാതുരുത്തിൽ കടലും കായലും തമ്മിൽ ഇരുപതുമീറ്റർ അകലം മാത്രമാണ് അവശേഷിക്കുന്നത്. ഇരുപതിനായിരം ഏക്കറോളം ഭൂമി കടലിലായി. തണ്ണീർ തടങ്ങളും കുടിവെള്ളവും നശിപ്പിച്ചുകൊണ്ടുള്ള ഖനനമാണ് നടത്തുന്നത് എന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *