Fri. Mar 29th, 2024
റാഞ്ചി:

മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം. ക്യാപ്റ്റൻ വിരാട് കോഹ്‍ലി സെഞ്ചുറിയുമായി പൊരുതിയ മൽസരത്തിൽ, 32 റൺസിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു. ഇന്ത്യ 48.2 ഓവറില്‍ 281 എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1ലെത്തിക്കാന്‍ ഓസീസിനായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 313 റൺസാണെടുത്തത്. ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറി കുറിച്ച ഉസ്മാന്‍ ഖ്വാജയുടെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ പ്രത്യേകത. ഏറ്റവും കൂടിയ പ്രായത്തിൽ കന്നി സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഓസീസ് താരമാണ് ഖ്വാജ. റാഞ്ചിയിൽ സെഞ്ചുറി നേടുമ്പോൾ, 32 വർഷവും 80 ദിവസവുമാണ് ഖ്വാജയുടെ പ്രായം.

ഓപ്പണിങ് വിക്കറ്റിൽ 193 റൺസ് കൂട്ടുകെട്ടു തീർത്ത് ആരോൺ ഫിഞ്ച് – ഉസ്മാൻ ഖ്വാജ സഖ്യം നൽകിയ ഉജ്ജ്വല തുടക്കം ആയിരുന്നു ഓസീസിന് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. ഖ്വാജ 113 പന്തിൽ, 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 104 റൺസെടുത്തു. ഫിഞ്ചാകട്ടെ, 99 പന്തിൽ 10 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 93 റൺസെടുത്തു. സ്കോർ 193 ൽ നിൽക്കെ ഫിഞ്ചിനെ പുറത്താക്കി ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച കുൽദീപ് യാദവാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
ഗ്ലെൻ മാക്സ്‌വെൽ (31 പന്തിൽ 47), മാർക്കസ് സ്റ്റോയ്നിസ് (26 പന്തിൽ പുറത്താകാതെ 31), അലക്സ് കാറെ (17 പന്തിൽ 21) എന്നിവരും ഓസീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 10 ഓവറിൽ 64 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു തുടക്കം മുതലേ പിഴച്ചു. നാലാം ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ശിഖര്‍ ധവാന്‍ മടങ്ങി. 10 പന്തുകളില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത ധവാനെ റിച്ചാര്‍ഡ്‌സണ്‍ മാക്‌സ്‌വെല്ലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ രോഹിത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 14 പന്തില്‍ 14 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ഒരു സിക്‌സും രണ്ട് ഫോറും നേടി തകര്‍പ്പന്‍ തുടക്കമായിരുന്നു രോഹിത്തിന്റേത്. റായുഡുവാകട്ടെ കമ്മിന്‍സ് പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. ഹോം ഗ്രൗണ്ടില്‍ ധോണിയാണ് പിന്നീട് ക്രീസിലെത്തിയത്. 42 പന്ത് നേരിട്ട ധോണി 26 റണ്‍സെടുത്തിരിക്കെ സാംപയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. കോലിക്കൊപ്പം 59 റണ്‍സ് ധോണി കൂട്ടിച്ചേര്‍ത്തിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ കേദാര്‍ ജാദവ് (39 പന്തില്‍ 26) കോലിയുമായി ചേര്‍ന്ന് മുന്നോട്ട് നയിച്ചു. പിഴവുകളില്ലാതെ മുന്നോട്ട് പോകുന്നതിനിടെ ജാദവിനെ സാംപ മടക്കി. കോലി- ജാദവ് സഖ്യം നേടിയത് 88 റണ്‍സാണ്. പിന്നാലെ വിജയ് ശങ്കറുമായി ഒന്നിച്ച കോലി നേരിയ പ്രതീക്ഷ നല്‍കി. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിനിടെ കോലിയുടെ 41ാം ഏകദിന സെഞ്ചുറിയും. 16 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.ശങ്കര്‍ (32), രവീന്ദ്ര ജഡേജ (24) എന്നിവരും പുറത്തായതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു.

കുല്‍ദീപ് യാദവ് (10), മുഹമ്മദ് ഷമി എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജസ്പ്രീത് ബുംറ (0) പുറത്താവാതെ നിന്നു. ഓസീസിനായി ആഡം സാംപ, ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഏകദിന ക്രിക്കറ്റിലെ 41-ാം സെഞ്ചുറിയാണ് കോഹ്ലി നേടിയത്. ഏകദിനത്തിൽ ഏറ്റവും കുറവു മത്സരങ്ങളിൽ നിന്ന് 4000 റൺസ് തികയ്ക്കുന്ന ക്യാപ്റ്റൻ എന്ന റെക്കോഡാണ് കോഹ്‌ലിക്ക് സ്വന്തമായത്. ക്യാപ്റ്റനായ 63 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 4000 റൺസ് തികച്ചത്.
തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലാമായി മാറിയ ഉസ്മാൻ ഖ്വാജയാണ് കളിയിലെ കേമൻ. പരമ്പരയിലെ നാലാം മൽസരം ഞായറാഴ്ച മൊഹാലിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *