സൗദി:
സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കു വിമാനത്താവളത്തിൽ, ഓൺ അറൈവൽ വിസ ഉടൻ പ്രാബല്യത്തിൽ വരും. എന്നാൽ എല്ലാ രാജ്യക്കാർക്കും ഈ സൗകര്യം ലഭ്യമല്ല. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുക. ഈ വർഷം അവസാനത്തോടെ ഇത് നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
ഈ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസയില്ലാതെയോ, വിസ ഓൺ അറൈവൽ എടുത്തോ രാജ്യത്തേക്കു പ്രവേശിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. വടക്കു പടിഞ്ഞാറൻ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള അത്യാഡംബര വിനോദസഞ്ചാര പദ്ധതിയായ അമാലയും ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരും. റിയാദിൽനിന്ന് ഒരു മണിക്കൂർ യാത്രാ ദൈർഘ്യത്തിന് അപ്പുറമുള്ള ഖിദ്ദിയ പദ്ധതിയും വർഷത്തിൽ 15 ലക്ഷം സഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായാണ്, രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ ധനവിനിയോഗം 2020 ഓടെ 4660 കോടി ഡോളറായി ഉയർത്താനാണ് സൗദി ലക്ഷ്യമിടുന്നത്. 2015 ൽ ടൂറിസം മേഖലയിലെ ധനവിനിയോഗം 2790 കോടി ഡോളറായിരുന്നു. കഴിഞ്ഞ വർഷം റിയാദിൽ നടന്ന ഫോർമുല ഇ കാർ റേസ് ചാമ്പ്യൻഷിപ്പു കാണാനെത്തിയ വിദേശികൾക്ക് സൗദി ഇ -വിസ അനുവദിച്ചിരുന്നു.
പ്രത്യേക പരിപാടികള്‍ക്കായി രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവന്റ് വിസകള്‍ നല്‍കാനുള്ള തീരുമാനം സൗദി ക്യാബിനറ്റ് അംഗീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും വഴി 24 മണിക്കൂറിനകം വിസ നല്‍കാനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തനസജ്ജമാകും വിധം നിരവധി പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിര്‍മ്മാണവും സൗദിയില്‍ പുരോഗമിക്കുകയാണ്.