Thu. Dec 19th, 2024
മലപ്പുറം:

ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കുന്നതിന് അനുമതി തേടിയുള്ള പ്രമേയത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത് മലപ്പുറം. വ്യാഴാഴ്ച നടന്ന ജില്ലാ സഹകരണ ബാങ്ക് ജനറൽ ബോഡി യോഗത്തിൽ യു.ഡി.എഫ് എതിർത്ത് വോട്ട് ചെയ്തതോടെയാണ്‌ പ്രമേയം പരാജയപ്പെട്ടത്. കളക്ടർ അമിത് മീണയുടെ സാന്നിധ്യത്തിൽ, രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. 32 അംഗങ്ങൾ ലയനത്തെ പിന്തുണച്ചപ്പോൾ 97 പേർ എതിർത്തു. പ്രമേയം പരാജയപ്പെട്ടതോടെ മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി മാത്രമേ ലയനവുമായി സർക്കാരിന് മുന്നോട്ടുപോകാനാവൂ.

130 അംഗങ്ങൾക്കാണ് ജില്ലാ ബാങ്കിൽ വോട്ടവകാശം. ബി.ജെ.പി. ഭരിക്കുന്ന താനൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രതിനിധി യോഗത്തിനെത്തിയില്ല. പോലീസ് സംരക്ഷണത്തിൽ നടന്ന യോഗത്തിൽ വോട്ടെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സമാധാനപരമായിട്ടാണ് പൂർത്തിയാക്കിയത്. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ലയനനീക്കം അംഗീകരിക്കാനാകില്ലെന്നായിരുന്നു യു.ഡി.എഫ്. അംഗങ്ങളുടെ നിലപാട്.

മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണമെന്നാണ് റിസർവ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന സർക്കാർ കേവല ഭൂരിപക്ഷം മതിയെന്ന് നിയമം ഭേദഗതിചെയ്തു. അതിനു നിയമസാധ്യതയില്ലെന്നും കോടതിയിൽ ചോദ്യംചെയ്യുമെന്നും യു.ഡി.എഫ്. നേതാക്കൾ വ്യക്തമാക്കി. ജില്ലാ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് ഉണ്ടാക്കുന്നതു വലിയ നേട്ടമാകുമെന്നാണ് എൽ.ഡി.എഫ്. അംഗങ്ങളുടെ വിശദീകരണം. 123 പ്രാഥമിക ബാങ്കുകൾക്കും, ആറു അർബൻ സഹകരണ ബാങ്കുകൾക്കുമാണ് ജില്ലാ ബാങ്കിൽ അംഗത്വമുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്.ബി.ഐയുമായി ലയിച്ചതിനു ശേഷം കേരളത്തിനു സ്വന്തമായൊരു ബാങ്ക് ഇല്ലാതായ സാഹചര്യത്തില്‍, ഇതിനു പരിഹാരം എന്ന നിലക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമായാണ് സാമ്പത്തിക വിദഗ്ദ്ധർ കേരള ബാങ്കിനെ കാണുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകള്‍ കേരള സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് പുതിയ ഒരു ബാങ്കിങ് സംവിധാനം രൂപപ്പെടുത്താനുള്ള നീക്കം നടന്നത്. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം 13 ജില്ലകളിലെ പൊതുയോഗം അംഗീകരിച്ചെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം തള്ളുകയാണുണ്ടായത്.

മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ 9 ജില്ലാ സഹകരണ ബാങ്കുകളാണു പ്രമേയം അഗീകരിച്ചത്. വയനാട്, ഇടുക്കി. എറണാകുളം, കോട്ടയം ജില്ലകളിൽ കേവലഭൂരിപക്ഷം ലഭിച്ചു. ലയനത്തെ അംഗീകരിക്കുന്നതോടെ ജില്ലാ സഹകരണ ബാങ്കുകൾ ഇല്ലാതാകുമെന്നാണു സംസ്ഥാന നിയമം. അംഗീകരിക്കാത്തവയുടെ ഭാവി എന്താണെന്നു സഹകരണ നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സഹകരണ നിയമം അനുസരിച്ചു പ്രമേയത്തിൽ സർക്കാർ വിജയിച്ചുവെന്നു പറയാമെങ്കിലും, റിസർവ് ബാങ്കിന്റെ നിലപാടിൽ അയവില്ലാത്തതിനാൽ കേരളാ ബാങ്ക് രൂപീകരണത്തിന്റെ അനിശ്ചിതത്വം ഒഴിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *