Sat. Jul 27th, 2024
ബെംഗളൂരു:

ട്രാൻസ് ജെൻഡർ വിഷയത്തിൽ, നിരവധി സെമിനാറുകളും ചർച്ചകളും നടന്നു കൊണ്ടിരിക്കുന്ന ഈ ഒരു കാലത്ത് ഇതാ അഭിമാനിക്കാനായി മറ്റൊരു നേട്ടം കൂടെ. കർണാടക വിധാൻ സഭ (നിയമ സഭ) യിൽ വനിതാ ശിശു ക്ഷേമ വകുപ്പിൽ കഴിഞ്ഞ മാസമാണ് ട്രാൻസ് വുമൺ ആയ പരിചയ് ഗൗഡയെ നിയമിച്ചത്.

മൈസൂരിൽ നിന്നും ബാംഗ്ലൂരേക്കു ഏതാനും വർഷങ്ങൾക്കു മുൻപ് താമസം മാറിയ ഇരുപത്തെട്ടുകാരിയായ പരിചയ് ഗൗഡ തന്റെ ആഹ്‌ളാദം മാധ്യമങ്ങളുമായി പങ്കു വെച്ചു. “ഒരുപാട് സന്തോഷവും അതിനോടൊപ്പം അഭിമാനവും തോന്നുന്നുണ്ട്. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയൊരു അവസരമാണിത്. എന്നാലാവുന്ന വിധം ഏൽപ്പിച്ച ജോലികൾ ഉത്തരവാദിത്തവത്തോടെ ചെയ്യണം,” പരിചയ് പറയുന്നു.

ഗ്രൂപ്പ് – ഡി ശമ്പള തസ്തികയിലാണ് പരിചയ് ജോലി ചെയ്യുക. ഇതിനു മുൻപ് പായന എന്ന എൻ.ജി.ഒയിൽ ജോലി ചെയ്തിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്കുയർത്തുകയെന്ന ദൗത്യമായിരുന്നു പായനയുടേത്.

“സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുകയെന്ന തത്വം വ്യക്തികളിൽ നിന്നാണു തുടങ്ങേണ്ടത്, അതിനൊരു ഉദാഹരണമാണ് എൽ.ജി.ബി.ടി.ക്യൂ വിഭാഗത്തെ പ്രതിനിധീകരിച്ച് ഒരാളെ നിയമിച്ചത്,” വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ജയമാല പ്രതികരിച്ചു.

“ട്രാൻസ്ജെൻഡറുകൾക്ക് മാന്യമായ ജീവിത സൗകര്യങ്ങൾ നടപ്പിൽ വരുത്തേണ്ടത് നമ്മുടെ കടമയാണ്. അത് എന്റെ വകുപ്പിൽ നിന്നു തന്നെ ആരംഭിക്കാൻ സാധിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ട്. ഇത്തരമൊരു മുന്നേറ്റം ഒരുപാടു പേരെ സ്വാധീനിക്കാനും, വലിയ സാമൂഹിക മാറ്റത്തിനു തന്നെ തുടക്കം കുറിക്കാനും കാരണമാവും,” ജയമാല കൂട്ടിച്ചേർത്തു. 2018 ഡിസംബറിൽ ബൽഗാവിയിൽ നിന്നുള്ള മോനിഷ എന്ന ട്രാൻസ് വുമണിനെ കർണാടകയിലെ രണ്ടാം സെക്രട്ടേറിയറ്റ് ആയ സുവർണ സൗധയിൽ നിയമിച്ചിരുന്നു.

ഭരണ സിരാകേന്ദ്രങ്ങളിൽ തന്നെ ഇത്തരം വലിയ മുന്നേറ്റങ്ങൾ നടക്കുന്നത് ഇപ്പോഴും അവഗണയും വിവേചനവും അനുഭവിക്കുന്ന എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും പ്രത്യാശ നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *