Fri. Apr 19th, 2024
കല്പറ്റ:

ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ അതീവസുരക്ഷ. മലപ്പുറം, പാലക്കാട് ജില്ലകളിൽ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിനു ശേഷം മാവോവാദികൾ പിൻവലിഞ്ഞിട്ടുണ്ടെങ്കിലും ഏതുനിമിഷവും അവരുടെ ഭാഗത്തുനിന്ന്‌ തിരിച്ചടി പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. മാവോവാദികൾ എതുതരത്തിൽ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോലീസ്.  മാവോവാദി സംഘങ്ങൾ ജില്ലയുടെ പലഭാഗങ്ങളിലായി തമ്പടിച്ചിട്ടുള്ളതിനാൽ ജില്ലയിലുടനീളം പോലീസ് നിരീക്ഷണം ശക്തമാണ്.

അതേസമയം, മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട് സന്ദർശനത്തെച്ചൊല്ലി ആശങ്കയുയരുന്നുണ്ട്. പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച വി.വി. വസന്തകുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് 14-ന് രാഹുൽ എത്തുന്നത്. പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ സമീപത്താണ് വസന്തകുമാറിന്റെ വീട്. ഏറ്റുമുട്ടലുണ്ടായ ലക്കിടിയിൽനിന്ന് വെറ്ററിനറി സർവകലാശാല പരിസരത്തേക്ക് ഏകദേശം മൂന്നുകിലോമീറ്ററോളം ദൂരമേയുള്ളൂ.

പരിസരത്തെ വനമേഖലയിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതാണ്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വരവിനെച്ചൊല്ലി ആശങ്ക ഉയരുന്നത്. സന്ദർശനത്തിന് മുന്നോടിയായി എസ്.പി.ജി. സംഘം പരിശോധനയ്ക്കെത്തുമ്പോൾ ഈ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് ഉന്നത പോലീസുദ്യോഗസ്ഥർ നല്‍കുന്ന വിവരം. ലക്കിടിയിലെ വീട്ടിലെത്തുന്നതിനുപകരം തൃക്കൈപ്പറ്റയിലെ തറവാട്ടു വീട്ടിലേക്ക് സന്ദർശനം മാറ്റണമെന്ന നിർദ്ദേശവും പോലീസ് മുന്നോട്ടുവെക്കുമെന്നാണ് സൂചന.

അതേസമയം, വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, മേപ്പാടി, പുല്പള്ളി, കേണിച്ചിറ, തൊണ്ടർനാട് പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോവാദി നേതാക്കളാണ് കൊല്ലപ്പെട്ടത്. നേതാക്കൾ നഷ്ടമായെങ്കിലും, സംഘടനയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ മാവോവാദികൾ ആക്രമണത്തിനു മുതിരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *