Fri. Apr 19th, 2024
തൃശൂർ:

പതിനാലാമത് തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മാര്‍ച്ച് 15 നു തുടക്കമാവും. ഗോവ, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലെ പുരസ്കാര ചിത്രങ്ങളുൾപ്പെടെ 75 ഓളം ചിത്രങ്ങളുമായി 15 മുതൽ 21 വരെ തൃശൂർ രവികൃഷ്ണ/രാമദാസ് തീയറ്ററിലും, തൃശൂർ പ്രസ്ക്ലബ് ഓഡിറ്റോറിയത്തിലുമാണ് ചലച്ചിത്ര പ്രദർശനങ്ങൾ. ദേശീയ–സംസ്ഥാന പുരസ്കാര ജേതാവായ ടി. കൃഷ്ണനുണ്ണിയാണ്  ‘ജനാധിപത്യം’  മുഖ്യപ്രമേയമായി നടത്തുന്ന മേളയുടെ ഡയറക്ടർ.

തൃശൂർ ചലച്ചിത്രകേന്ദ്രം, തൃശൂർ കോർപ്പറേഷൻ, തൃശൂർ ജില്ലാ പഞ്ചായത്ത്, കെ.എം.ജോസഫ് ട്രസ്റ്റ്, ബാനർജി ക്ലബ്ബ്, എഫ്.എഫ്.എസ്.ഐ. കേരളം, കേരള ചലച്ചിത്ര അക്കാദമി, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ ന്യൂഡൽഹി എന്നിവയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ നേടിയ ജാപ്പനീസ് ചിത്രം ‘ഷോപ്പ് ലിഫ്റ്റേഴ്സ്’, കാനിൽ സ്പെഷൽ പാം ഡി ഓർ കരസ്ഥമാക്കിയ ഗൊദാർദിന്റെ ‘ഇമേജ്ബുക്ക്’, കാൻ ജൂറി പ്രൈസ് നേടിയ ലെബനോൺ സംവിധായിക നദീൻ ലെബാക്കിയുടെ ‘കേപ്പർനോം’ തുടങ്ങിയവയാകും മേളയുടെ മുഖ്യ ആകർഷണം.

നൂറി ബിൽഗേ സിലാൻ സംവിധാനം ചെയ്ത ‘ദി വൈൽഡ് പിയർ ട്രി’, തിരുവനന്തപുരത്തു നടന്ന ഐ.എഫ്.എഫ്.കെ. 2018 ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ഇറാനിയൻ സിനിമ ‘ഡാർക്ക് റൂം’, ചൈനീസ് ചിത്രം ‘ദി ഏഷ് ഈസ് ദി പ്യുവർ വൈറ്റ്’, അർജൻറീനിയൻ സിനിമ ‘ദി ബെഡ്’, ഈജിപ്ഷ്യൻ സിനിമ ‘യൊമേദിൻ’ (ജഡ്ജ്മെന്റ് ഡേ), പ്രശസ്ത ഫ്രഞ്ചു സിനിമ ‘അറ്റ് വാർ’, ജർമൻ സിനിമകളായ ‘ഹോം’, വിത്തൗട്ട് റൂഫ്’, ‘മാജിക്കൽ മിസ്റ്ററി’ ഉൾപ്പെടെ ലോകത്തിലെ ഒട്ടേറെ മേളകളിൽ അംഗീകാരം നേടിയ ജപ്പാൻ, ഇറാൻ, ചൈന, നെതർലാൻഡ്, ഈജിപ്ത്, ജർമനി, ഫ്രാൻസ്, ടർക്കി, ലെബനൻ, റഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 21 സിനിമകൾ മേളയില്‍ പ്രദർശിപ്പിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന ഐ.എഫ്.എഫ്.ടിയുടെ സാറ്റലൈറ്റ് പ്രദർശനങ്ങൾ ഇത്തവണ തൃപ്രയാർ, ഇരിങ്ങാലക്കുട, വടക്കഞ്ചേരി, മാള, ഗുരുവായൂർ എന്നിവിടങ്ങളിലെ അതാതു ഫിലിം സൊസൈറ്റികളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *