വയനാട്:
പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ് റേ പരിശോധനയിലും കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തിന് പിന്നാലെ ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തത്.
കര്‍ശന ഉപാധികളോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. മലപ്പുറത്തേയ്ക്കു ആംബുലന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹം വഴിയിലൊരിടത്തും നിര്‍ത്തി അഭിവാദ്യം സ്വീകരിക്കരുതെന്നാണ് ഒരു നിര്‍ദ്ദേശം. മൃതദേഹത്തെ പോലീസും തണ്ടര്‍ബോള്‍ട്ടും അനുഗമിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുമുന്നില്‍ രാവിലെ തന്നെ ജലിലിന്റെ സഹോദരങ്ങള്‍ എത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലോടെ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ആരംഭിച്ചത്. ഫോറന്‍സിക് സര്ജന് ഡോ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
വൈത്തിരി റിസോര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ ബുധനാഴ്ച രാത്രിയാണ് സി.പി. ജലീല്‍ വെടിയേറ്റുമരിച്ചത്. അഞ്ചേക്കര്‍ വരുന്ന വളപ്പിലുള്ള റിസോര്‍ട്ടിന്റെ റിസപ്ഷന് കൗണ്ടറിനു കുറച്ചുമാറി പാറക്കെട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നാടന്‍ തോക്കും സഞ്ചിയും ചിതറിയ കറന്‍സികളും ഉണ്ടായിരുന്നു. ജലീലിന്റെ തലയ്ക്കു പിന്നിലും തോളിലുമാണ് വെടിയേറ്റത്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ഡോക്യുമെന്റേഷന് വിദഗ്ദ്ധനാണ് കൊല്ലപ്പെട്ട ജലീല്‍ എന്നാണു പോലീസ് പറയുന്നത്.
അതേസമയം, പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പോലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍ പുറത്തെത്തിയിരുന്നു. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചതെന്നും, പോലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നായിരുന്നു പോലീസിന്റെ വാദം. പോലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന്, കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പോലീസുകാര്‍ക്കു പരിക്കില്ലെന്നും, കണ്ണൂര്‍ റേഞ്ച് ഐ.ജി. വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീല്‍. ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും, സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.