ബിര്‍മിംഗ്‌ഹാം:
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റണിൽ ലോക ആറാം നമ്പര്‍ താരമായ ഇന്ത്യയുടെ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂന്‍ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് സിന്ധുവിനെ തോല്‍പിച്ചു. സ്കോര്‍ 21-16, 20-22, 21-18.
ടൂർണ്ണമെന്റിൽ അഞ്ചാം സീഡായിരുന്നു ഇന്ത്യയുടെ ടോപ് സീഡായ സിന്ധു. സീഡില്ലാതെയെത്തിയ, ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനുമായി കഴിഞ്ഞ മൂന്നു കളികളിൽ രണ്ടിലും സിന്ധു ജയിച്ചിരുന്നു. എന്നാൽ, പ്രധാനപ്പെട്ട ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റണിൽ, ഒട്ടും ഫോമിലല്ലാതിരുന്ന സിന്ധു നിരവധി പിഴവുകൾ വരുത്തി പരാജയം രുചിച്ചു.
പുരുഷ വിഭാഗത്തില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയിയും ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ തന്നെ ബി. സായ്പ്രണീത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പ്രണോയിയെ തോല്‍പിച്ചു. സ്കോർ (21-19, 21-19). ഹോങ്കോങ്ങിന്റെ എൻഗി കാ ലോങ്ങാണ്, പ്രീക്വാർട്ടറിൽ സായ് പ്രണീതിന്റെ എതിരാളി.
ലോക റാങ്കിങ്ങിലെ ആദ്യ 32 പേർ മൽസരിക്കുന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്നു സിംഗിൾസ് പോരാട്ടത്തിനു സീഡ് ചെയ്യപ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളിൽ ഒരാളാണ് പുറത്തായ സിന്ധു. സിന്ധുവിനു പുറമെ സൈന നെഹ്‌വാളും, പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്തുമാണ് സീഡ് ചെയ്യപ്പെട്ടിട്ടുള്ള താരങ്ങൾ. ലണ്ടൻ ഒളിംപിക്സ് വെങ്കലമെഡൽ ജേത്രിയും, എട്ടാം സീഡുമായ സൈന ആദ്യ റൗണ്ടിൽ സ്കോട്‌ലൻഡിന്റെ ക്രിസ്റ്റി ഗിൽമോറിനെ നേരിടും. ഗിൽമോറിനെതിരായ ആറിൽ ആറു മൽസരവും ജയിച്ച താരമാണ് സൈന. 18 വർഷത്തിനു ശേഷം ഇന്ത്യയിൽ കിരീടമെത്തിക്കാനാനുള്ള ശ്രമത്തിലാണ് സൈനയും ശ്രീകാന്തും. ദേശീയ ടീം കോച്ച് പുല്ലേല ഗോപിചന്ദ് ആണ് ഏറ്റവും ഒടുവിലായി ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാംപ്യൻഷിപ്പ് ജയിച്ച ഇന്ത്യൻ താരം (2001)