Fri. Apr 19th, 2024
കോഴിക്കോട്:

കുടിവെള്ളക്ഷാമവും, വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടുത്ത വരള്‍ച്ചയെ നേരിടുന്നതിനും, വേനല്‍ക്കാല ജലവിനിയോഗവും, വിതരണവുമായി ബന്ധപ്പെട്ടും, ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വേനലിലെ ജലക്ഷാമം നേരിടാന്‍ കൃത്യമായ ഒരുക്കങ്ങള്‍ വേണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാപ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കാനും, പൊതുഇടങ്ങളിലും, സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കാനും തീരുമാനമായി. ജലവിഭവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി, ദ്രുതകര്‍മ സേനയ്ക്ക് രൂപം നല്‍കണം. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍, വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും.

വെള്ളം പാഴാക്കാതിരിക്കാനും, കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കാനും, വിപുലമായ ബോധവത്കരണം നടത്തും. ഇതിനായി തൊഴിലുറപ്പ്, കുടുംബശ്രീ, അങ്‌ഗൻവാടി, ആശപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും. ജലവിതരണത്തിന് ഒരു കലണ്ടര്‍ രൂപീകരിക്കും. ഓരോ സ്ഥലത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ച്, ജലവിതരണത്തിന് പ്രായോഗികമായ നടപടി സ്വീകരിക്കും. ജലസ്രോതസുകളിലെ മലിനീകരണം തടയാന്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കണം. വേനല്‍ക്കാലത്ത് ഉപയോഗിക്കാനാവുന്ന ജലസ്രോതസുകള്‍ കണ്ടെത്തും. ആഴ്ചതോറും, സ്രോതസുകളിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ വെള്ളം എത്തിക്കാനുള്ള നടപടിയാണുണ്ടാവേണ്ടത്.

ഉപേക്ഷിക്കപ്പെട്ട ക്വാറികളെ, ജലസ്രോതസായി വിനിയോഗിക്കാനും, ഇവിടത്തെ വെള്ളം പരിശോധിച്ച്, അളവ് കണക്കാക്കാനും നിര്‍ദ്ദേശം നല്‍കി. ഡാമുകളില്‍ നിന്നുള്ള ജലം വിതരണം ചെയ്യുന്ന കനാലുകളിലെ, തടസ്സസങ്ങള്‍ ഒഴിവാക്കണം. ജലവിതരണത്തിലെ നഷ്ടം പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ, ഡോ. വിശ്വാസ് മെഹ്ത്ത, ടി. കെ. ജോസ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *