ന്യൂഡല്‍ഹി:
ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കണക്ക് എടുത്തിട്ടില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബ്രിന്ദേര്‍ സിംഗ് ധനോവ. ഞങ്ങള്‍ ലക്ഷ്യത്തില്‍ തന്നെ ആക്രമിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ല. ആക്രമണം ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നതാണ് സേന നോക്കുന്നത്. നാശനഷ്ടത്തില്‍ കണക്ക് വ്യക്തമാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയ്ഷ് ഇ മുഹമ്മദിന്റെ ഭീകരതാവളങ്ങള്ക്കെതിരായ വ്യോമാക്രമണം ഫലപ്രദമായിരുന്നെന്നും ചീഫ് മാര്‍ഷല്‍ പറഞ്ഞു.
ബോംബിട്ടത് വനത്തിലാണെങ്കില്‍ എന്തിനാണ് പാക്കിസ്ഥാന് പ്രതികരിക്കുന്നതെന്നും ബി.എസ്. ധനോവ ചോദിച്ചു. ബാലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് രാഷ്ട്രീയവിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ വാര്‍ത്താ സമ്മേളനം. ‘എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.’ ബി എസ് ധനോവ പറഞ്ഞു.
അതേസമയം കേന്ദ്രവും പ്രതിരോധ മന്ത്രാലയവും സേനാ മേധാവിയും മരണസംഖ്യ സ്ഥിരീകരികരിക്കാത്ത സന്ദര്‍ഭത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നിരിക്കെ ബാലാകോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന പ്രസ്താവനയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നു. സൂറത്തില്‍ നടന്ന ബി.ജെ.പി റാലിയിലാണ് അധ്യക്ഷന്‍ അമിത് ഷാ വെളിപ്പെടുത്തല്‍ നടത്തിയത്. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന വേളയിൽ, ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിക്കാത്ത കണക്ക് അമിത് ഷാ എന്തിനു പറയുന്നു എന്നത് സംശയകരമാണ്.
കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി റാലിയില്‍ ദില്ലി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എം.പി സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചുരുവിലെ പ്രസംഗം, വ്യോമാക്രമണം ബിജെപിക്ക് 22 സീറ്റുകള്‍ കൊണ്ടുവരുമെന്ന യെദിയൂരപ്പയുടെ പ്രസ്താവന തുടങ്ങിയവയും ബി.ജെ.പി നടത്തുന്ന മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വ്യോമാക്രമണത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷം സംശയിക്കാത്ത സാഹചര്യമാണ് ബി.ജെ.പി മുതലെടുപ്പിനായി ഉപയോഗിക്കുന്നത് എന്ന് കോൺഗ്ഗ്രസ്സ് എം.പിമാർ ആരോപിക്കുന്നു. ബി.ജെ.പിയുടെ നീക്കത്തെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാക്കളും കഴിഞ്ഞ ദിവസം മുതല്‍ പ്രസ്താവനയുമായി രംഗത്തെത്തിത്തുടങ്ങിയിട്ടുണ്ട്.