Thu. Mar 28th, 2024
വയനാട്:

വൈത്തിരിയില്‍, സ്വകാര്യ റിസോര്‍ട്ടിന് സമീപം, മാവോവാദികളും, തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍, മാവോയിസ്റ്റ് നേതാവ് മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി സി.പി ജലീല്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പിനെ തുടര്‍ന്ന് മാവോവാദി നേതാവായ വേല്‍മുരുകന് പരുക്ക് പറ്റിയതായി സൂചനയുണ്ട്. രാത്രി എട്ടരയ്ക്കു തുടങ്ങിയ ഏറ്റുമുട്ടല്‍ പുലര്‍ച്ചെ വരെ നീണ്ടു. ബുധനാഴ്ച രാത്രി, വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ നാലംഗ മാവോയിസ്റ്റ് സംഘം, റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റ് സംഘവും പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടി. തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി. തുടർന്നുള്ള ഏറ്റുമുട്ടലിലാണ്, മാവോയിസ്റ്റ് നേതാവ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോഴാണ്, തിരിച്ചു വെടിവച്ചതെന്നാണ് കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോടു പറഞ്ഞത്. 2014 മുതൽ ജലീൽ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. അതേസമയം സാംസ്‌കാരിക പരിപാടികളിലും മറ്റും ജലീലിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ജലീലിന്റെ സഹോദരന്മാരായ, മൊയ്‌തീനും ഇസ്‌മയിലും മാവോയിസ്‌റ്റ് പ്രവർത്തകരാണ്. മറ്റൊരു സഹോദരൻ റഷീദ് മനുഷ്യാവകാശ പ്രവർത്തകനുമാണ്.

മാവോയിസ്‌റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ജലീലിന്റെ പേരിൽ കേസുകളുണ്ടെന്നാണു പൊലീസ് പറയുന്നത്. വൈത്തിരി ലക്കിടിക്കു സമീപം, ഉപവന്‍ റിസോര്‍ട്ടിലെത്തിയ അഞ്ചംഗ മാവോവാദി സംഘം, പണം ചോദിക്കുകയും ഇത് നല്‍കില്ലെന്നു പറഞ്ഞ ജീവനക്കാരെ ബന്ധികളാക്കുകയായിരുന്നുവെന്നുമാണു റിപ്പോര്‍ട്ട്. തുടര്‍ന്ന്‌, റിസോര്‍ട്ടിനു പുറത്തും അകത്തും തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ കയറിയാണ് ഏറ്റുമുട്ടല്‍ നടത്തിയത്. പ്രദേശം തണ്ടര്‍ബോള്‍ട്ടും ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസും വളഞ്ഞപ്പോഴാണു മാവോവാദി സംഘം വെടിയുതിര്‍ത്തത്. ഇതോടെ, പോലീസും തിരിച്ചു വെടിവെക്കുകയായിരുന്നു.

റിസോർട്ടിനുള്ളിലെ മീൻ കുളത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണു സി.പി ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഘം സമീപത്തെ കാട്ടിലേക്ക് ഓടിയൊളിക്കുന്നതിനിടെയാണ് വെടിയേറ്റത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു.

വെടിവെപ്പില്‍ പോലീസുകാര്‍ക്ക് പരിക്കില്ല. നിലവില്‍, പോലീസിന്റെ കസ്റ്റഡിയില്‍ ആരുമില്ലെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി മാവോവാദികള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. മുപ്പതോളം വരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ഇപ്പോഴും കാട്ടില്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി വയനാട്ടിലെത്തിയിട്ടുണ്ട്. ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മുമ്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്കുമുമ്പേ മാവോവാദികള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ കൊലപ്പെട്ടത് തന്റെ സഹോദരനാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.പി. റഷീദ് സ്ഥിരീകരിച്ചു. സംഭവത്തില്‍ സംശയമുണ്ടെന്നും മൃതദേഹം കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മാർട്ടത്തിനായി കൊണ്ടുപോകും.

വെടിവയ്പിനെ തുടര്‍ന്ന് തടഞ്ഞ, കോഴിക്കോട് – വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. പോലീസ് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *