Sun. Dec 22nd, 2024
കോട്ടയം:

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍, അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ചതാണെന്നും, മറ്റൊരു അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നും, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും, വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വി.എസ്സിന്റെ ഹര്‍ജിയെ എതിര്‍ത്താണ്, സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വി.എസ്സിന്റെ ഹര്‍ജി തള്ളണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍, വി.എസ്സിന്റെ വാദങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.

കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന്, സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണമാറ്റം കേസിനെ ബാധിച്ചില്ലെന്നും, അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. റൗഫ്, പെണ്‍കുട്ടിക്ക് പണം നല്‍കിയത്, കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നും, സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍, ജെ.എഫ്സി.എം അവസാനിപ്പിച്ചത് ശരിയായില്ലെന്ന്, ഹര്‍ജിയില്‍ വി.എസ് വാദിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്ന കാര്യം ഹര്‍ജിക്കാരന് അറിയില്ല. രാഷ്ട്രീയമായി സ്വാധീനമുള്ളവര്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. ഇരകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ്, കുഞ്ഞാലിക്കുട്ടിയും കെ.എ. റൗഫും നല്‍കിയത്. കേസിലെ വിചാരണ കഴിഞ്ഞയുടന്‍ ഇരകളെ ലണ്ടനിലേക്ക് കടത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച്‌ ജെ.എഫ്സി.എമ്മിന്റെ വിധി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു

എന്നാല്‍, കാലപ്പഴക്കം ചെന്ന കേസ്, ഉടന്‍ പരിഗണിക്കേണ്ട അടിയന്തര പ്രാധാന്യം എന്താണെന്നും, ഹര്‍ജി നിലനില്‍ക്കുമോ എന്നു നോക്കണമെന്നും കേസ് പരിഗണിക്കവെ, കോടതി അറിയിച്ചു. രണ്ടു ദശാബ്ദത്തിലേറെയായ കേസ്സാണെന്നും, അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും വി.എസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ കേസിനു മാത്രമായി പ്രത്യേക പ്രാധാന്യമെന്താണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

1995-96 കാലത്താണ് ഐസ്ക്രീം പാര്‍ല‍ര്‍ പെണ്‍വാണിഭക്കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി അന്നു വ്യവസായ മന്ത്രിയാണ്. 1998-ല്‍, നായനാര്‍, മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്, അന്വേഷി അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണം നിലച്ച അവസ്ഥയിലായിരുന്ന കേസ്, ഇതോടെയാണ് വഴിത്തിരിവിലെത്തുന്നത്.

കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ, കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ചു പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഇവര്‍ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്‍കി. വന്‍ തോതില്‍ പണം നല്‍കിയാണ്, ഇവര്‍ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതു സ്ഥിരീകരിക്കുന്ന വാര്‍ത്താസമ്മേളനമായിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫ് നടത്തിയത്. പണം നല്‍കിയാണ്, കേസില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ മൊഴി മാറ്റിച്ചതെന്ന്, വാര്‍ത്താ സമ്മേളനത്തില്‍ റൗഫ് തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *