Fri. Apr 19th, 2024
മാഡ്രിഡ്:

ചാമ്പ്യന്‍സ് ലീഗിൽ, നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടു വന്ന റയൽ മാഡ്രിഡിനെ, അവരുടെ തട്ടകത്തിൽ വച്ചു തന്നെ തകർത്ത് ഡച്ച് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാം, യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിലെ രണ്ടാപാദ മത്സരത്തിൽ റയലിനെ ഒന്നിനെതിരേ നാല് ഗോളിന് അട്ടിമറിച്ചാണ് അയാക്സ് ക്വാർട്ടർ യോഗ്യത നേടിയത്. അയാക്സിന്റെ മൈതാനത്തു നടന്ന ആദ്യ പാദം 2–1നു റയലായിരുന്നു ജയിച്ചത്. ആദ്യ പാദത്തിലെ തോൽ‌വിയിൽ നിന്നുള്ള അയാക്സിന്റെ ഉജ്വലമായ തിരിച്ചുവരവരായിരുന്നു രണ്ടാം പാദത്തിലെ 4 – 1 വിജയം. ഇരു പാദങ്ങളിലുമായി 5-3 എന്ന ശരാശരിയിലാണ് അയാക്സ് വിജയിച്ചത്.

ആദ്യപാദത്തിൽ മഞ്ഞക്കാർഡു കണ്ട് പുറത്തിരിക്കേണ്ടി വന്ന ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ അഭാവത്തിൽ കളിച്ച റയൽ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയി. ഏഴാം മിനിറ്റിൽ സിയേചിന്റെ ഗോളിലാണ് അയാക്സ് ആദ്യം ലീഡെടുത്തത്. പതിനെട്ടാം മിനിറ്റിൽ നെരെസ് ലീഡുയർത്തി. അറുപത്തിരണ്ടാം മിനിറ്റിൽ, ടാഡിച്ചിന്റെ ഗോളിൽ ലീഡ് മൂന്നാക്കി ഉയർത്തിയ അയാക്സിനെതിരെ, എഴുപതാം മിനിറ്റിൽ അസെൻസിയോ ഒരു ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും, രണ്ടു മിനിറ്റിനുള്ളിൽ ഷോൺ നാലാം ഗോൾ വലയിലാക്കി അയാക്സിന്റെ ജയം ഉറപ്പിച്ചു.

ചാമ്പ്യൻസ് ലീഗിലെ, റയലിന്റെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണിത്. പതിമൂന്നു തവണ കിരീടം നേടിയ റയലിനെ തകർത്ത, അയാക്സ് ഇരുപത്തിരണ്ടു വർഷത്തിനുശേഷമാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്.

മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ ഒരു ഗോളിനു തോൽപ്പിച്ച് ഇംഗ്ലിഷ് ക്ലബ്, ടോട്ടനം ഹോട്സ്പറും ക്വാർട്ടറിൽ കടന്നു. ഡോർട്മുണ്ടിന്റെ മൈതാനത്തു നടന്ന രണ്ടാം പാദത്തിൽ ഹാരി കെയ്ൻ 48–ാം മിനിറ്റിൽ നേടിയ ഗോളാണ് ടോട്ടനത്തിന് ക്വാർട്ടർ ഉറപ്പാക്കിയത്. മത്സരത്തിലുടനീളം ഉജ്ജ്വല സേവുകളുമായി കളം നിറഞ്ഞ ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ മികവും, ഡോർഡ്മുണ്ടിന്റെ തിരിച്ചുവരവു സ്വപ്നങ്ങൾ തകർത്തു. ടോട്ടനത്തിന്റെ മൈതാനത്ത് നടന്ന ഒന്നാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അവരുടെ ജയം. ഇരുപാദങ്ങളിലുമായി 4–0ന്റെ ലീഡു നേടിയാണ് ടോട്ടനത്തിന്റെ ക്വാർട്ടർ പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *