പാലക്കാട്:
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിലെ 5.5 ഏക്കര്‍ സ്ഥലം വി.ടി. ഭട്ടതിരിപ്പാട് സ്മാരകം പണിയുന്നതിന് സര്‍ക്കാര്‍ വക മാറ്റി. കോളേജ് ഭൂമിയില്‍ സ്മാരകം പണിയുന്നതിൽ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന്, ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍, വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സജി കമ്പംമേട്, സംസ്ഥാന അംഗങ്ങളായ എന്‍.പി. കുട്ടന്‍, കെ.സി. പുഷ്പകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജാണ് പാലക്കാട് മെഡിക്കല്‍ കോളേജ്. ഇവിടെ പഠിക്കുന്നതില്‍ 72% കുട്ടികളും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ്. പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ ആദ്യബാച്ച് ഈ വര്‍ഷം പുറത്തിറങ്ങും. എന്നാല്‍, ഇതുവരെയും, അഖിലേന്ത്യാ മെഡിക്കല്‍ ബോര്‍ഡിന്റെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ കോളേജിനു കഴിഞ്ഞിട്ടില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതും, മറ്റു പരിമിതികളും ആണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. പരിമിതികളുടെ നടുവിലാണ് ഈ സ്ഥാപനം നിലനില്‍ക്കുന്നത്.
ഏകദേശം 75 ഏക്കര്‍ ഭൂമിയാണ് ഇതിനുള്ളത്. ആശുപത്രിയുടെ പ്രധാന ബ്ലോക്കിന്റെ പണി ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. പഠനവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയെയാണു വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. ഇത്രയും പരിമിതികള്‍ നേരിടുന്ന മെഡിക്കല്‍ കോളേജിന്റെ 5.5 ഏക്കര്‍ സ്ഥലമാണ് വി.ടി. ഭട്ടതിരിപ്പാട് സ്മാരകം പണിയാന്‍ വേണ്ടി സര്‍ക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. എയിംസ് പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി ഇതിന് ഉയര്‍ത്തണമെന്ന ആവശ്യം ഉണ്ട്. ഇതിനായി, ഗവര്‍ണറും ഉന്നത അധികാരികളും അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമ്പോഴാണ് ഉള്ള സ്ഥലം തന്നെ വിറ്റ് മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വക മാറ്റുന്നതെന്ന് ഇവര്‍ പറഞ്ഞു. ഇത് കേരളത്തിലെ പട്ടിക വിഭാഗക്കാരോടു ചെയ്യുന്ന ക്രൂരതയും കടുത്ത വഞ്ചനയുമാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ ജന്മനാടായ തൃത്താലയില്‍ സ്ഥലം കണ്ടെത്തി, സ്മാരകം പണിയണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.