Mon. Dec 23rd, 2024
മലപ്പുറം:

ഭിന്നശേഷിയുള്ള കുട്ടികൾക്കായി, മലപ്പുറം നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ആദ്യത്തെ ബഡ്സ് സ്കൂളിനു നാളെ തുടക്കമാവും. നഗരസഭയിലെ 36-ാം വാർഡിലെ വട്ടിപ്പാറയിൽ ആരംഭിക്കുന്ന പേൾസ് ബഡ്‌സ് സ്കൂൾ, കുട്ടികൾക്കു മാത്രമല്ല, അവരുടെ അമ്മമാർക്കും തണലാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉദ്ഘാടനം നടക്കാനിരിക്കുന്ന നഗരസഭയുടെ ആദ്യ ബഡ്‌സ് സ്കൂളിൽ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, അമ്മമാർക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താനുള്ള പദ്ധതിയും നടപ്പാക്കുകയാണെന്ന് നഗരസഭ വാർഡ് കൗൺസിലർ റിൻഷ റഫീക്ക് വോക്ക് മലയാളത്തോട് പറഞ്ഞു.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്, സാധാരണനിലയിൽ സ്കൂളുകളിൽപ്പോലും, മാതാപിതാക്കളുടെ ശ്രദ്ധ വേണം എന്ന കാരണം കൊണ്ട് സ്ഥിരവരുമാനമുള്ളൊരു ജോലി പലപ്പോഴും സാധിക്കാറില്ല. ഇതു പരിഗണിച്ചാണ് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, അമ്മമാർക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താനുള്ള പദ്ധതി എന്ന ആശയത്തിലേക്ക് നഗരസഭയെത്തിയതെന്ന് റിൻഷ റഫീക്ക് പറഞ്ഞു.

സ്കൂൾ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാകും യൂണിറ്റ് പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ മരുന്നു കവറുകൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനമാകും നൽകുക. സ്കൂളിൽ, കുട്ടികൾക്ക് ഫിസിയോതെറാപ്പി, സ്പീച്ച്‌തെറാപ്പി തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. നഗരസഭ പരിധിയിൽ വരുന്നവർക്കാണ് സ്കൂളില്‍ പ്രവേശനം ലഭിക്കുക. അതത് അങ്ഗനവാടികൾ വഴിയാണ് പ്രവേശനത്തിനുള്ള അപേക്ഷ നല്‍കേണ്ടത്. 65 ലക്ഷം രൂപയാണ് സ്കൂൾ നിർമ്മിക്കുന്നതിന് ആകെ ചിലവു വന്നത്. സ്കൂളിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11-ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നടത്തും.

Leave a Reply

Your email address will not be published. Required fields are marked *