Fri. Apr 26th, 2024
തേഞ്ഞിപ്പലം:

കാലിക്കറ്റ് സർവകലാശാല സി സോൺ കലാകിരീടം തുടർച്ചയായി രണ്ടാം തവണയും മമ്പാട് എം.ഇ.എസ്. കോളേജിന്. ഗ്രൂപ്പ് ഇനങ്ങളിൽ ആധിപത്യം പുലർത്തി 152 പോയിന്റ് നേടിയാണ് മമ്പാട് കോളേജ് സി സോൺ ജേതാക്കളായത്. 129 പോയിന്റുമായി തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് രണ്ടാംസ്ഥാനക്കാരായി. 72 പോയിന്റ് നേടിയ കാലിക്കറ്റ് സർവകലാശാല പഠനവകുപ്പാണ് മൂന്നാമതെത്തിയത്. മഞ്ചേരി എൻ.എസ്.എസ്. കോളേജ് 62 പോയിന്റോടെ നാലാംസ്ഥാനം നേടി.

കലാപ്രതിഭയായി, പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിലെ വിമൽ വിനുവും, കലാതിലകമായി കടകശ്ശേരി ഐഡിയൽ കോളേജിലെ അശ്വതി രാജും തിരഞ്ഞെടുക്കപ്പെട്ടു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ആദ്യമായി സർവകലാശാലതല മത്സരം നടന്നത് മേളയെ വ്യത്യസ്തമാക്കി. നാടോടി നൃത്തത്തിൽ മത്സരിച്ച് മലപ്പുറം ഗവ. കോളജിലെ വിദ്യാർത്ഥിയായ റിയ ഇഷയാണ് സർവകലാശാലയുടെ 50 വർഷത്തെ കലോത്സവ ചരിത്രം തിരുത്തിക്കുറിച്ചത്. ഇതുവരെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക്, വനിതാ വിഭാഗത്തിലോ, പുരുഷ വിഭാഗത്തിലോ മാത്രമേ മത്സരിക്കാൻ കഴിയുമായിരുന്നുള്ളൂ.

കലാ– കായിക രംഗത്ത് ട്രാൻസ്‍ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സർവകലാശാല അധികൃതർക്ക് റിയ കത്തു നൽകിയതിനെത്തുടർന്നാണ്, ട്രാൻസ്ജെ‍ൻഡർ വിഭാഗത്തിൽ മത്സരം നടത്തിയത്. 26 വയസ്സ് ആയതിനാൽ റിയയ്ക്ക് കായികമേളയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

മാപ്പിളകലകളിലെ ഒന്നാംസ്ഥാനങ്ങൾ ഭൂരിഭാഗവും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് നേടിയപ്പോള്‍ തിരുവാതിരക്കളി, മാർഗംകളി, പൂരക്കളി, പാശ്ചാത്യസംഗീതം, ദേശഭക്തിഗാനം എന്നിവയിലെല്ലാം മമ്പാട് എം.ഇ.എസ്. ഒന്നാമതെത്തി. ഫൈനാർട്‌സ് കൺവീനർ എം.എ. ഫൈറൂസിന്‍റെ നേതൃത്വത്തിൽ 188 പ്രതിഭകളാണ് കലാ മത്സരങ്ങൾക്കായി മമ്പാട് എം.ഇ.എസ് കോളേജിൽ നിന്നെത്തിയത്.

ജലച്ചായം, പോസ്റ്റർരചന എന്നിവയിൽ ഒന്നാംസ്ഥാനവും, എണ്ണച്ചായത്തിൽ രണ്ടാംസ്ഥാനവും നേടിയ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ സന അബുലൈസാണ് ചിത്രപ്രതിഭ. കൊണ്ടോട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാംവർഷ ബി.എ. ഉറുദു വിദ്യാർത്ഥിനി ഇ.കെ. ഖൈറുന്നീസ സർഗപ്രതിഭയായി  തിരഞ്ഞെടുക്കപ്പെട്ടു. ഉറുദു ഉപന്യാസം, ചെറുകഥ എന്നിവയിൽ ഒന്നാംസ്ഥാനവും, കവിതയിൽ രണ്ടാംസ്ഥാനവും നേടിയാണ് ഖൈറുന്നീസ പ്രതിഭയായത്.

Leave a Reply

Your email address will not be published. Required fields are marked *