Fri. Apr 26th, 2024
തി​രു​വ​ന​ന്ത​പു​രം:

ലോകസഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി​.ഐ​ സ്ഥാ​നാ​ര്‍ത്ഥി​ക​ളു​ടെ അന്തിമ പട്ടികയായി. തൃശൂരില്‍ അഞ്ചു കൊല്ലം മുമ്പ്, കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ, സി.എന്‍. ജയദേവന് ഇത്തവണ സീറ്റു നല്‍കുന്നില്ല. പകരം മുന്‍ എം.എല്‍.എയായ രാജാജി മാത്യു തോമസിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ശക്തമായ ത്രികോണ മത്സരം നടക്കും എന്നുറപ്പായ തിരുവനന്തപുരത്ത് എം.എല്‍.എയായ സി. ദിവാകരന്‍ മത്സരിക്കും. മാവേലിക്കരയില്‍, പ്രതീക്ഷിച്ചതു പോലെ, ചിറ്റയം ഗോപകുമാര്‍, സ്ഥാനാര്‍ത്ഥിയാകും. വയനാട്ടില്‍ പി.പി. സുനീറാണ് മത്സരിക്കുക. സി.​പി​.ഐ സം​സ്ഥാ​ന സ​മി​തി യോ​ഗ​മാ​ണ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക അം​ഗീ​ക​രി​ച്ച​ത്. കേന്ദ്ര കമ്മറ്റിയുടെ അനുമതിയോടെ ഇടതു മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ സി.പി.ഐ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

തൃശൂരില്‍, സി.എന്‍ ജയദേവന്‍ വീണ്ടും മത്സരിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. എന്നാല്‍, തീര്‍ത്തും അപ്രതീക്ഷിതമാണ് രാജാജി മാത്യു തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം, സം​സ്ഥാ​ന സ​മി​തി യോ​ഗം അംഗീകരിച്ചത്. മാവേലിക്കര സംവരണ മണ്ഡലത്തില്‍ പുലയ മഹാസഭ നേതാവ്, പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാനുള്ള ആഗ്രഹം സി.പി.എം പ്രകടിപ്പിച്ചിരുന്നു. ഇതും സി.പി.ഐ കണക്കിലെടുത്തില്ല. മുന്‍ എം.എല്‍.എ കൂടിയായ ചിറ്റയം ഗോപകുമാറിനാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാവാന്‍ അവസരം നല്‍കിയത്.

നെടുമങ്ങാട് എം.എല്‍.എയായ സി. ദിവാകരന്‍, തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായതോടെ പാര്‍ട്ടിയെ കുഴച്ച വലിയൊരു തലവേദനയ്ക്കാണു പരിഹാരമായത്. കഴിഞ്ഞ തവണ, സി.പി.ഐ, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരത്ത് ഇതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ മുന്നോട്ടു വയ്ക്കാന്‍ പാര്‍ട്ടിക്കായി. എന്‍.ഡി.എ വിട്ട് ഇടതുപാളയത്തിലേക്ക് ചേക്കേറിയ ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ ജാനു വയനാട്ടില്‍ മത്സരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും നേരത്തെ മുതല്‍ തന്നെ ഉയര്‍ന്ന് കേട്ട വി.പി സുനീറിനു തന്നെ സീറ്റ് നല്‍കാനായിരുന്നു സം​സ്ഥാ​ന സ​മി​തി യോ​ഗത്തിന്റെ തീരുമാനം.

വനിതകളൊന്നും സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല. തിരുവനന്തപുരത്തേക്ക് ആനി രാജയുടെ പേര് സജീവമായി സി.പി.ഐ ചര്‍ച്ചയാക്കിയിരുന്നു. ഭാഗ്യലക്ഷ്മിയേയും പരിഗണിച്ചിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്‍ അല്ലെങ്കില്‍ സി. ദിവാകന്‍ എന്ന നിലയിലേക്ക് ചര്‍ച്ച എത്തി. ദിവാകരന്‍ മത്സരിക്കാന്‍ തയ്യാറായതോടെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ ജനയുഗം എഡിറ്റര്‍ ആയ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ രാജാജി മാത്യു തോമസ്, സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനാണ്‌. 1981 മുതല്‍ 1985 വരെ ജനയുഗം സബ് എഡിറ്റര്‍, തൃശൂര്‍ ബ്യൂറോചീഫ്, ഡല്‍ഹി ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന രാജാജി മാത്യു തോമസിന് 12-ാം കേരള നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച പരിചയ സമ്പത്തുണ്ട്. തൃശൂരിലെ അണികളുമായുള്ള അടുപ്പവും രാജാജിക്ക് തുണയായി. ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, സി.പി.ഐ ദേശീയ കൗണ്‍സിലംഗം, എ.ഐ.വൈ.എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യുവജനനേതാവെന്ന നിലയില്‍ യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറിനെ, സി.പി.ഐ, ചര്‍ച്ചകള്‍ കൂടാതെ സ്ഥാനാര്‍ത്ഥിയാക്കി. പുന്നലയുടെ പേര് പാര്‍ട്ടി ചര്‍ച്ച ചെയ്തുമില്ല. വയനാട്ടില്‍ പി.പി സുനീറും പ്രതീക്ഷിച്ച സ്ഥാനാര്‍ത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *