ദുബായ്:
ലോക രാജ്യങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന വിഷയമാണ് സൈബര്‍ സെക്യൂരിറ്റി. ഇതില്‍തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്, ഇന്ന് ഏറ്റവുമധികം സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. കേരളത്തിൽ റിപ്പോർട്ടു ചെയ്യുന്ന മിക്ക സൈബർ ക്രൈമുകളുടെയും ഉറവിടം ഗൾഫ് നാടുകളാണ്. ഇതുമൂലം മിക്കവാറും കേസുകളിൽ, കുറ്റവാളികളെ പിടികൂടാനോ ആരാണെന്നു മനസ്സിലാക്കാനോ പോലും കേരള പൊലീസിന് സാധിക്കാറില്ല. പോലീസിന്റെ ഈ നിസ്സഹായാവസ്ഥ മുതലെടുത്തു സൈബർ കുറ്റവാളികൾ ഗൾഫ് നാടുകളിൽ വിലസുകയാണ്. എന്നാൽ അതിനൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്, കേരള പോലീസും ദുബായി പോലീസും, കുറ്റവാളികളുടെ വിവരങ്ങൾ പരസ്പരം കൈമാറാം എന്ന ധാരണയിൽ എത്തിയതിലൂടെ.
കേരളത്തിലെ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ദുബായ് പോലീസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ സന്ദർശനമാണ്, ദുബായി-കേരള പോലീസുകൾ തമ്മിലുള്ള സഹകരണത്തിന് കാരണമായത്. സൈബര്‍ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയില്‍ സൈബര്‍ ഡോമുമായി സഹകരിക്കാനുള്ള സന്നദ്ധത, ദുബായ് പോലീസ് സൈബര്‍ ഡോം മേധാവി അറിയിച്ചതായി സൈബര്‍ ഡോമിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് ഏബ്രഹാം അറിയിച്ചു. സൈബര്‍ ഡോമിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോം മേധാവി മനോജ് എബ്രഹാം ഇവര്‍ക്ക് വിവരിച്ചു നല്കി. തുടര്‍ന്നാണ് സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ ക്രൈം സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് എന്നിവയില്‍ കേരള പോലീസിന്റെ സഹകരണം ദുബായ് പോലീസ് ആവശ്യപ്പെട്ടത്. കേരള മാതൃകയിൽ ഒരു സൈബർ ഡോം, ദുബായിയിൽ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ദുബായ് ഭരണകൂടം.